സല്ലാപം കവിതയായ് ഒഴുകുന്ന ശരത് സംഗീതം

സല്ലാപം കവിതയായ് ഒഴുകുന്ന ശരത് സംഗീതം
sarath-musician-2

ഒരു മാത്ര കേട്ടാൽ അത്രമേൽ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന ഈണങ്ങളാണ് ശരത് എന്ന സംഗീതസംവിധായകൻ എന്നും മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ സംഗീതം ഒരേസമയം മനസ്സിനെ തഴുകുന്നതും അതിലോലവുമാണ്♥️♥️കാലമെത്ര കഴിഞ്ഞാലും അദ്ദേഹം ഈണമിട്ട പാട്ടുകൾക്കെല്ലാം,ഹൃത്ത് വിട്ടു പോവാൻ കഴിയാത്ത തരത്തിലുള്ള ചേതസ്സ് ഉള്ളതായി തോന്നിയിട്ടുണ്ട്..വർഷങ്ങൾ എത്ര കഴിഞ്ഞാലും…തുടർച്ചയായി എത്ര കേട്ടാലും…മടുപ്പുളവാക്കാത്ത മനോഹരമായ ഗാനങ്ങൾ♥️♥️

1969-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത സംഗീതകുടുംബത്തിലാണ് ശരത്തിന്റെ ജനനം.സുജിത് വാസുദേവ് എന്നായിരുന്നു ശരത്തിന്റെ യഥാർത്ഥ നാമം..കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിലായിരുന്നു അദ്ദേഹം തന്റെ കലാലയജീവിതം പൂർത്തിയാക്കിയത്.ഡോ. ബാലമുരളീകൃഷ്ണ,ബി.എ.ചിദംബരനാഥ് എന്നിവരുടെ കീഴിൽ അദ്ദേഹം ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുകയുണ്ടായി.ചിത്രം,നിന്നിഷ്ടം എന്നിഷ്ടം,പൂവിന് പുതിയ പൂന്തെന്നൽ എന്നീ ഹിറ്റ് സിനിമകൾക്കെല്ലാം സംഗീതസംവിധാനം നിർവഹിച്ച പ്രശസ്ത സംഗീതസംവിധായകൻ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

വാണീജയറാമുമൊത്ത് 16ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങിയാണ് സംഗീതത്തിന്റെ വിശാലമായ ലോകത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത്.1990ൽ ടി.കെ.രാജീവ്കുമാർ ഒരുക്കിയ #ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി മലയാള സിനിമയിലേക്ക് ശരത് കാലെടുത്തു വെക്കുന്നത്.അതിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റ്‌ ആകുകയും ചെയ്തു.പ്രേക്ഷകമനസ്സിൽ അതിലെ ഗാനങ്ങൾ തന്മയത്വം ചോർന്നു പോകാതെ ഇന്നും അതുപോലെ തന്നെ കിടക്കുന്നുണ്ട്.ക്ഷണക്കത്ത് മുതൽ ശരത് താളവൈവിധ്യങ്ങളിൽ തന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു.ക്ഷണക്കത്തിലെ 'പൊൻപദ മിളകി'(താം തക തകിട.. എന്ന് തുടങ്ങുന്ന ഗാനം)എന്ന ഗാനം 7/8 (സെവൻ എയ്റ്റ് കർണാടക സംഗീതത്തിൽ മിശ്രനട/ മിശ്രചാപ്പ് താളത്തിന് തുല്യം)എന്ന മീറ്ററിൽ ആണ് ആരംഭിക്കുന്നത്.എന്നാൽ അനുപല്ലവി 4/4 ആണ് മീറ്റർ.പിന്നീട് പലയിടത്തും ഇത് രണ്ടും മാറി മാറി വരുന്നു.യേശുദാസ് എന്ന മഹാനുഭാവന്റെ കൈയിൽ ആ ഗാനം ഭദ്രമായിരുന്നു.പിന്നീടങ്ങോട്ട് ശരത് തന്റെ ലയപാടവവും മികവും കൈയൊപ്പുപോലെ ഓരോ പാട്ടുകളിലും പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു

ക്ഷണക്കത്ത് റിലീസ് ആകുന്നതിനും മുൻപ് തന്നെ ശ്യാമിന് വേണ്ടി #ഒന്നിങ്ങ്‌വന്നെങ്കിൽ എന്ന സിനിമക്ക് വേണ്ടിയും ജോൺസണ് വേണ്ടി #ഐസ്ക്രീം എന്ന സിനിമക്ക് വേണ്ടിയും രവീന്ദ്രന് വേണ്ടി #ഹിസ്സ്ഹൈനസ്സ്_അബ്ദുള്ള എന്ന സിനിമക്ക് വേണ്ടിയും ശരത് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടായിരുന്നു.തന്റെ യഥാർത്ഥ നാമമായ സുജിത് എന്ന പേരിലായിരുന്നു ആ ചിത്രങ്ങളിലെല്ലാം തന്നെയും അദ്ദേഹം ഗാനങ്ങൾ ആലപിച്ചത്.പിന്നീട് സംഖ്യാശാസ്ത്രപ്രകാരമാണ് സുജിത് എന്ന പേര് മാറ്റി ശരത് എന്നാക്കി മാറ്റിയത്.മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാജീവിതത്തിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ മലയാള സിനിമയിൽ വേണ്ടി ചെയ്തിട്ടുള്ളുവെങ്കിലും,എണ്ണത്തിലല്ല ചെയ്ത ഗാനങ്ങളുടെ നിലവാരത്തിലാണ് കാര്യമെന്ന് അദ്ദേഹം കാണിച്ചു തരുന്നുണ്ട്.സംഗീത സംവിധാനത്തിൽ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് മൂന്ന് പതിറ്റാണ്ടിനിപ്പുറവും ശരത്തിന്റെ കോമ്പോസിഷനിൽ കാണാവുന്ന ഏറ്റവും വലിയ സവിശേഷത.ഒരു ഗാനം കേള്‍ക്കുമ്പോള്‍ ഇത് ‘ശരത്സംഗീതം’ ആണെന്ന് മലയാളി മനസ്സിനെ കൊണ്ട് പറയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്നതാണ് ശരത് എന്ന സംഗീത സംവിധായകന്റെ ഏറ്റവും വലിയ വിജയം.വളരെ ശ്രമകരമായതും,എന്നാൽ ശ്രവ്യാനന്ദകരവുമായ ഒരു ഓർക്കസ്‌ട്രേഷൻ രീതിയാണ് അദ്ദേഹം തന്റെ ഓരോ ഗാനങ്ങളിലും അവലംബിച്ചിരിക്കുന്നത്.‘പവിത്രം’ എന്ന ചിത്രത്തിലെ ‘ശ്രീ രാഗമോ’ എന്ന ഗാനം ഖരഹരപ്രിയ രാഗത്തിലെ എക്കാലത്തെയും മികച്ച കോമ്പോസിഷനുകളില്‍ ഒന്നാണ്.പലപ്പോഴും ഗാനമേളകളിൽ നിന്നൊക്കെ ശരത്തിന്റെ ഗാനങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു.ഓര്‍ക്കസ്ട്രേഷൻ ചെയ്യിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു അതിന്റെ പ്രധാന കാരണം.ബാലമുരളീകൃഷ്ണയുടെയും, ബി എ ചിദംബരനാഥിന്റെയും ശിക്ഷണത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ മനോഹരമായ ക്ലാസിക്കൽ–സെമി ക്ലാസ്സിക്കൽ ഗാനങ്ങളിൽ കാണാൻ കഴിയും!!

ക്ഷണക്കത്തിന് മുൻപേ,ശരതിന്റെ സംഗീതത്തിൽ ടി.കെ.രാജീവ് കുമാർ ‘ഗാന്ധര്‍വ്വം’ എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു.എന്നാൽ ആ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് ഗാന്ധര്‍വ്വവുമായി സാമ്യമുള്ള കഥ പത്മരാജന്‍ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന പേരിൽ ചെയ്യുന്നതായി അറിയുന്നത്.ഗാന്ധർവ്വത്തിനു വേണ്ടി ശരത് കമ്പോസ് ചെയ്ത ഗാനങ്ങളാണ് പിന്നീട് ‘ക്ഷണക്കത്ത്’ എന്ന സിനിമയിൽ ഉപയോഗിച്ചത്.വെറും പത്തൊൻപതാം വയസ്സിലാണ് ആദ്യസിനിമയായ ‘ക്ഷണക്കത്ത്’ ശരത് ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്.അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്.വൃന്ദാവന സാരംഗ രാഗത്തിൽ ചിട്ടപ്പെടുത്തിയ ”ആകാശദീപം എന്നുമുണരുമിടമായോ' എന്ന ഗാനവും ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘സല്ലാപം കവിതയായ്’, ‘ആ രാഗം മധുമയമാം രാഗം’ എന്നീ ഗാനങ്ങളും വർഷങ്ങൾക്കിപ്പുറവും ആസ്വാദകർക്ക് അത്രമേൽ പ്രിയങ്കരം.ആദ്യസിനിമ കഴിഞ്ഞ് ചെറിയൊരു ഇടവേള വന്ന അദ്ദേഹത്തിന് അടുത്ത ബ്രേക്ക് നൽകിയതും രാജീവ് കുമാറാണ്.രാജീവ് കുമാർ സംവിധാനം ചെയ്ത #ഒറ്റയാൾ_പട്ടാളം’ എന്ന സിനിമയായിരുന്നു അത്.ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ ‘മായാമഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ’ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.മോഹനകല്യാണി’ എന്ന രാഗം ഈ ഗാനത്തിന്റെ പല്ലവി കഴിഞ്ഞ് വയലിനില്‍ ബിജിഎം ആയി ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അതിനു ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ശരത്തിന്റെ ഗാനങ്ങൾ കേൾക്കുവാൻ സാധിച്ചത്.1994ൽ ശരത് സംഗീത സംവിധാനം നിർവ്വഹിച്ച് മൂന്നു സിനിമകളാണ് പുറത്തിറങ്ങിയത്.ഷാജി കൈലാസിന്റെ ‘രുദ്രാക്ഷം’ , ടി കെ രാജീവ് കുമാറിന്റെ ‘പവിത്രം’ സിബി മലയിലിന്റെ ‘സാഗരം സാക്ഷി’ എന്നിവയായിരുന്നു ആ സിനിമകൾ.’രുദ്രാക്ഷം’ എന്ന സിനിമയിൽ തിരക്കഥകൃത്ത് രൺജി പണിക്കർ എഴുതിയ ‘ശ്രീ പാർവ്വതി പാകിമാം ശങ്കരി’ എന്ന ഖരഹരപ്രിയ രാഗത്തിലെ ഗാനം ഏറെ മനോഹരമാണ്.രാജീവ് കുമാർ സംവിധാനം ചെയ്ത ‘തച്ചോളി വര്‍ഗ്ഗീസ് ചേകവർ’ എന്ന സിനിമയിലെ ‘മാലേയം മറോടലിഞ്ഞു’ എന്ന ഗാനം സാക്ഷാല്‍ എ ആര്‍ റഹ്മാനെ വരെ ഞെട്ടിച്ച ഒന്നായിരുന്നു.മോഹനകല്യാണിരാഗത്തിലുള്ള ഗാനങ്ങൾ റഹ്മാനും ചെയ്തിട്ടുണ്ടെങ്കിലും അതിൽ ആരും ശ്രമിക്കാത്ത രീതിയിലുള്ള ഒരു തരം Erotic Feel ആണ് ശരത് ആ ഗാനത്തിന് നല്‍കിയത്.റഹ്മാനെ അമ്പരപ്പിച്ചതും അതിലേറെ കൗതുകം ഉളവാക്കിയതും ആ സംഗതിയാണ്

പിൽക്കാലത്ത് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്കെല്ലാം തന്നെയും ക്ഷണക്കത്ത് എന്ന ആദ്യ ചിത്രത്തിൽ അദ്ദേഹം പുലർത്തിയിരുന്ന ഗാനങ്ങളുടെ അതേ നിലവാരം ഉണ്ടായിരുന്നു.പവിത്രം,ഒറ്റയാൾ പട്ടാളം,സാഗരം സാക്ഷി,സിന്ദൂരരേഖ,തച്ചോളി വർഗീസ് ചേകവർ,രുദ്രാക്ഷം,തിരക്കഥ,തത്സമയം ഒരു പെൺകുട്ടി,പരോൾ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് അദ്ദേഹം ഈ കാലയളവിൽ സംഗീതം നൽകി.സാമ്പത്തികമായി പരാജയപ്പെട്ട പല സിനിമകൾ പോലും പ്രേക്ഷകമനസ്സിൽ ഇന്ന് മായാതെ നിൽക്കുന്നത് ശരത് സംഗീതം നിർവഹിച്ച ഗാനങ്ങൾ വഴിയാണ് എന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല..സിനിമകൾ കൂടാതെ,ശരണപമ്പ,ചൈത്രഗീതങ്ങൾ,ശാസ്താവ്,ഓണപ്പൂവ്,പാവനപമ്പ എന്നിങ്ങനെ നിരവധിയായ ലളിത-ഭക്തിഗാന ആൽബങ്ങളും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.ഒരു സാധാരണ സംഗീതാസ്വാദകന്റെ പാട്ടുപുസ്തകത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്തതാണ്,അദ്ദേഹത്തിന്റ പാട്ടുകളെല്ലാം തന്നെയും♥️♥️

ഇത്രയും നീണ്ട കരിയറിൽ അദ്ദേഹത്തെ തേടി അർഹിച്ച അംഗീകാരങ്ങൾ വന്നുവോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടിവരും.ഏറ്റവും വലിയ വിരോധാഭാസമെന്തെന്നാൽ കരിയർ തുടങ്ങി 20 വർഷത്തിനിപ്പുറമാണ് ഒരു സ്റ്റേറ്റ് അവാർഡ് പോലും അദ്ദേഹത്തെ തേടിയെത്തുന്നത്.,അതും മികച്ച ക്ലാസിക്കൽ മ്യൂസിക് ഡയറക്ടർ എന്ന കാറ്റഗറിയിൽ..ഗാനം-ഭാവയാമി:-:ചിത്രം-മേഘതീർത്ഥം.2008ൽ #തിരക്കഥയിലെ സംഗീതത്തിന് ഫിലിം ഫെയർ പുരസ്കാരവും പിന്നീട് 2011 ൽ #ഇവൻ_മേഘരൂപൻ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാർഡും അദ്ദേഹം നേടുകയും ഉണ്ടായി.ആദ്യ ചിത്രത്തിലെ ഗാനങ്ങൾ മുതൽക്കേ ഇദ്ദേഹം പ്രേക്ഷകഹൃദയത്തിൽ ലബ്ധപ്രതിഷ്ഠ നേടിയിരുന്നു.മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി,തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്..മലയാള റിയാലിറ്റി ഷോകളിൽ ജഡ്ജിന്റെ റോളിലും ശരത് ഏറെക്കാലം തിളങ്ങിയിട്ടുണ്ട്.

അദ്ദേഹം ചിട്ടപ്പെടുത്തിയ ഓരോ ഗാനങ്ങളും തന്മയത്വം ചോർന്നു പോകാതെ ഇന്നും അതുപോലെ ആസ്വാദകമനസ്സിൽ നിലനിൽക്കുന്നുണ്ട്♥️♥️

ശരത് സംഗീതം നൽകിയ 30 സൂപ്പർഹിറ്റ് മലയാളം സിനിമാഗാനങ്ങൾ

??

0️⃣1️⃣ശ്രീരാഗമോ തേടുന്നിതെൻ(പവിത്രം)

0️⃣2️⃣മായാമഞ്ചലിൽ(ഒറ്റയാൾപ്പട്ടാളം)

0️⃣3️⃣മാലേയം മാറോടലിഞ്ഞു(തച്ചോളി വർഗീസ് ചേകവർ)

0️⃣4️⃣സല്ലാപം കവിതയായ്(ക്ഷണക്കത്ത്)

0️⃣5️⃣പാലപ്പൂവിതളിൽ(തിരക്കഥ)

0️⃣6️⃣താളമയഞ്ഞു(പവിത്രം)

0️⃣7️⃣മംഗളങ്ങളരുളും(ക്ഷണക്കത്ത്)

0️⃣8️⃣നീലാകാശം തിലകക്കുറി(സാഗരം സാക്ഷി)

0️⃣9️⃣പൊന്നോട് പൂവായി(തത്സമയം ഒരു പെൺകുട്ടി)

1️⃣0️⃣വാലിന്മേൽ പൂവും(ശ്രീരാഗം)

1️⃣1️⃣രാവിൽ വീണാഗാനം(സിന്ദൂരരേഖ)

1️⃣2️⃣സൂര്യനാളം പൊൻവിളക്കായ്(തച്ചോളി വർഗീസ് ചേകവർ)

1️⃣3️⃣ആ രാഗം മധുമയമാം(ക്ഷണക്കത്ത്)

1️⃣4️⃣ഇനി മാനത്തും നക്ഷത്രപ്പൂക്കാലം(കവർസ്റ്റോറി)

1️⃣5️⃣ആകാശദീപമെന്നുമുണരും(ക്ഷണക്കത്ത്)

1️⃣6️⃣ആണ്ടലോണ്ടെ നേരെ(ഇവൻ മേഘരൂപൻ)

1️⃣7️⃣യമുനാനദിയൊഴുകും(ദേവദാസി)

1️⃣8️⃣മഴക്കായ് കൊതിക്കേ(ഹാദിയ)

1️⃣9️⃣വിഷുക്കണിപ്പൂ(ഇവൻ മേഘരൂപൻ)

2️⃣0️⃣ഒന്നോടൊന്ന് ചേർന്നാടി(തിരക്കഥ)

2️⃣1️⃣ശ്രീ പാർവതി(രുദ്രാക്ഷം)

2️⃣2️⃣നീയൊന്ന് പാട്(തച്ചോളി വർഗീസ് ചേകവർ)

2️⃣3️⃣ശ്യാമസന്ധ്യേ(സാഗരം സാക്ഷി)

2️⃣4️⃣ദൂരെ താരകങ്ങൾ(സ്പർശം)

2️⃣5️⃣മല്ലിപ്പൂ മല്ലിപ്പൂ(പുള്ളിമാൻ)

2️⃣6️⃣ഒടുവിലൊരു ശോണരേഖ(തിരക്കഥ)

2️⃣7️⃣പറയൂ നിൻ(പവിത്രം)

2️⃣8️⃣അനുരാഗിണീ(ഇവൻ മേഘരൂപൻ)

2️⃣9️⃣ശ്യാമവസന്തം(ദേവദാസി)

3️⃣0️⃣ഇന്ദുമതി പൂ(സ്പർശം)

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ