'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി

Share
'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

പാലക്കാട്/തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ 'പ്രിയദർശിനി' സ്വകാര്യ ബസ് മേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കി ഒരു മാസത്തിനിടെ മാത്രം 65 കോടി രൂപയുടെ വരുമാന നഷ്‌ടമാണ് സ്വകാര്യ ബസ് ഉടമകൾക്കുണ്ടായത്. കനത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് സംസ്ഥാനത്താകെ 500-ലധികം സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെച്ചു. സർവീസ് നടത്തുന്ന ബസുകളിൽ പകുതിയും മുഴുവൻ ട്രിപ്പുകളും പൂർത്തിയാക്കുന്നില്ല. പകൽ സമയങ്ങളിൽ ബസുകൾ പലതും പൂർണ്ണമായും ശൂന്യമായി ഓടേണ്ട അവസ്ഥയിലാണ്.

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി. നിത്യേനയുള്ള കണക്കുകൾ നെഗറ്റീവ് ബാലൻസിലാണ് അവസാനിക്കുന്നത്. തൊഴിലാളികൾക്കുള്ള കൂലി പോലും കണ്ടെത്താനാകാതെ പല ഉടമകളും സ്വയം കണ്ടക്ടറുടെയും ഡ്രൈവറുടെയും കുപ്പായം അണിയേണ്ട ഗതികേടിലാണ്. സ്വകാര്യ ബസുകൾ മുന്നിലൂടെ പോയാലും ഭൂരിഭാഗം സ്ത്രീകളും സൗജന്യയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വരാൻ കാത്തുനിൽക്കുകയാണ്. കെ.എസ്.ആർ.ടി.സിക്കൊപ്പം നിൽക്കുന്ന എണ്ണത്തിൽ സ്വകാര്യ ബസുകളുള്ള കൊല്ലം ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. വയനാട്, കോട്ടയം ജില്ലകളിലെ അവസ്ഥയും സമാനമാണ്. പത്ത് വർഷം മുമ്പ് സംസ്ഥാനത്ത് 12,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ ഓടുന്നത് 11,936 ബസുകൾ മാത്രമാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഉടമകളുടെ നിലപാട്.

ചർച്ച അനിശ്ചിതത്വത്തിൽ; പഠിക്കാൻ വിദഗ്ധ സമിതി

പ്രിയദര്‍ശിനി പദ്ധതി വഴി സ്വകാര്യ ബസ് സര്‍വീസുകൾ വൻ നഷ്ടത്തിലായെന്ന പരാതിയെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ കൃത്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. സ്വകാര്യ ബസുകൾ മറ്റ് വരുമാന സ്രോതസ്സുകൾ തേടണമെന്നാണ് മന്ത്രി ചർച്ചയിൽ അഭിപ്രായപ്പെട്ടത്. ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.

സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് ആ ടിക്കറ്റിന്റെ പണം സര്‍ക്കാര്‍ നല്‍കണം എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചിട്ടുണ്ട്.

ചർച്ചക്ക് പിന്നാലെ, ഈ പ്രതിസന്ധിയെക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കൂടിയായ കെ. പദ്മകുമാർ അധ്യക്ഷനായ സമിതി ആറാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി