"പുറവാസ മലയാള കവിതകൾ " : ആദ്യ ആഗോള മലയാള കവിതാ സമാഹാരം.
പ്രവാസം എന്നാൽ പുറദേശവാസം എന്നാണ് ..നാടുവിട്ട് മറ്റൊരു നാട്ടിൽ, ആ നാട്ടുകാരുടെ ഇടയിൽ , ആ സംസ്കാരവുമായി ചേർന്ന് ജീവിക്കുക ....ഇവിടെ ഇങ്ങനെയാണ് ,അതുകൊണ്ട് ഞങ്ങൾ ഇങ്ങനെയാണ് ...അങ്ങനെ പറഞ്ഞ് , അടിമുടി മാറി, പുതിയ ജീവിത പന്ഥാവുകളിലൂടെ , ഭാഷകളിലൂടെ , ഭക്ഷണ വൈവിധ്യങ്ങളിലൂടെ , കുടുംബമോടെയോ , കുടുംബവും വീടും വിട്ട് ഒരൊറ്റ മുറിയിൽ ഏകാകിയായോ , ഒറ്റ മുറിയിൽ കൂട്ടമായോ , ഒരു രാജ്യത്തിലെയോ ,പല രാജ്യത്തിലെയോ ഒരു കൂട്ടം ജീവിതങ്ങളുടെ കൂടെ ഇടചേർന്നു വികസിക്കുന്ന ജീവിത ചിത്രമാണെന്നും പ്രവാസം.
ഇന്ത്യവിട്ട് , കേരളം വിട്ട് , എന്നെന്നേക്കുമായോ , കുറേക്കാലത്തേക്കോ , പലയിടങ്ങളിൽ , പല രാജ്യങ്ങളിൽ കേരള ജനത കൂടുമാറ്റം നടത്തുമ്പോഴും, കൂടെ കൂട്ടുന്ന സ്വത്വം , അത് ഞാൻ മലയാളിയാണ് , നമ്മൾ മലയാളികൾ ആണ് എന്ന അഭിമാനമുള്ള ഉറച്ച ബോധമാണ് .
കൂട്ടം കൂടുമ്പോൾ ,ആർപ്പോ വിളികുളുടെ ആരവവും , കുട്ടനാടൻ പുഞ്ചയിലെ ...എന്ന പാട്ടിന്റെ ഈണവും ,ഓണവും ,വിഷുവും ,മുണ്ടും,സദ്യയും കൂട്ടി, ഒരു മലയാളി വൈബ് ഒരുക്കാൻ , നാലും മൂന്നും ഏഴു മലയാളികൾ മതി. അത് ഡൽഹിയിലോ ഡെന്മാർക്കിലോ , ചാണ്ഡിഘട്ടിലോ ചെക്കോസ്ലോവാക്കിയായിലോ , ചന്ദ്രയാനിലോ, ചന്ദ്രനിലോ ആയാലും മലയാളി പൊളിക്കും.
മലയാളിയുടെ മനസ്സിൻറെ നന്മയാണ് മലയാള ഭാഷയോടുള്ള പ്രണയം .മലയാളസ്നേഹം മുറിയാതെ നിലനിർത്താൻ ഓരോ പ്രവാസിയും എപ്പോഴും ഉത്സുകരുമാണ് . ഓരോ നാട്ടിലും മലയാളി കൂട്ടായ്മകൾ ഉണ്ടാക്കി , തനതു ഉത്സവാഘോഷങ്ങൾ നടത്തുന്ന മലയാളി , പുതിയ തലമുറകൾക്ക് മലയാള ഭാഷ പകർന്നു നൽകാൻ ക്ളാസ്സുകൾ വരെ നടത്തുന്നു. സിംഗപ്പൂർ ,മലേഷ്യ , ഗൾഫ് രാജ്യങ്ങൾ , ബാംഗ്ളൂർ ,ചെന്നൈ ,ഡൽഹി എന്നിവിടങ്ങളിലെ, സമാജങ്ങളും ,സൊസൈറ്റികളും ഇവ സജീവമായി നിലനിർത്തുന്നു .

ഈ ഭാഷാസ്നേഹത്തിന്റെ വേരറ്റുപോകാത്ത കണ്ണികളാണ് പ്രവാസി മലയാളി എഴുത്തുകാർ. പരിമിതമായ സമയത്തിനനുസൃതമായി , കഥകളും കവിതകളും എഴുതുകയും അവ വളരെ കുറച്ചു മാത്രമുള്ള പ്രവാസി പ്രസാധകർക്കും ഓൺലൈൻ പേജുകൾക്കും പ്രസിദ്ധീകരണത്തിന് നൽകുകയോ , സ്വന്തം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധീകരിക്കുകയോ മാത്രമാണ് ഈ എഴുത്തുകാർ ചെയ്യുന്നത് . വിരളമായി മാത്രമേ ഈ എഴുത്തുകൾ പുസ്തക രൂപത്തിൽ വെളിച്ചം കാണാറുള്ളു .
ഇവിടെയാണ് "പുറവാസ മലയാള കവിതകൾ " എന്ന സമാഹാരം മലയാളത്തിലെ ചരിത്രമാകുന്നത്. മലയാള ഭാഷാചരിത്രത്തിലാദ്യമായി ഒരു ആഗോള മലയാള കവിതാ സമാഹാരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കവിതാ പുസ്തകം കഴിഞ്ഞ വാരം ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ടു.
അറുപതു പ്രവാസ ഇടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് ആറു വൻകരകൾ , അൻപത്തി അഞ്ചു രാജ്യങ്ങൾ , അഞ്ചു ഇന്ത്യൻ പ്രവാസ ഇടങ്ങൾ, .കവികളുടെ ആ നിര അങ്ങനെ പടർന്നു പന്തലിച്ചു നിൽക്കുന്നു ഈ മലയാള കവിതാ സമാഹാരത്തിൽ .
അറുപത് പ്രവാസ ഇടങ്ങളുടെ സംസ്കാരവും ജീവിതവും അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരമാണിത്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാട് മനുഷ്യരുടെ സഹായത്തോടെ ഒന്നരവർഷക്കാലത്തെ അന്വേഷണങ്ങളിലൂടെ, കണ്ടെത്തിയ രചനകളിലൂടെ പല രാജ്യങ്ങളും, പ്രവാസി എഴുത്തുകാരും മലയാള വായനക്കാരിലേക്ക് എത്തുകയാണ്.
ഭിന്ന സംസ്കാരങ്ങളുടെ കലവറയായ ആഫ്രിക്കൻ രാജ്യങ്ങൾ, ലാറ്റിനമേരിക്ക-കരീബിയൻ പ്രദേശങ്ങൾ ഉൾപ്പെടെ, മലയാളത്തിന് തീർത്തും വ്യത്യസ്തങ്ങളായ സാമൂഹിക-സാംസ്കാരിക വൈവിധ്യങ്ങളുടെ ചിത്രങ്ങൾകൂടി ഈ സമാഹാരം പകർന്നു നൽകുമെന്നതാണ് വലിയ പ്രത്യേകത.
ഒരു പുസ്തകരൂപീകരണം , ഒരു എഴുത്തുകാരന്റെ സ്വപ്നസാഷാത്ക്കാരമാണ് .അതിനും മേലെയാണ് " പുറവാസ മലയാള കവിതകൾ " പോലെയുള്ള ഒരു ബുക്കിന്റെ ഏകീകരണം . ആറു ഭൂഖണ്ഡങ്ങളിലെ എഴുത്തുകാരെ കണ്ടെത്തുക എന്നതു തന്നെ ശ്രമകരമാണ്. പിന്നീട് അവരുടെ രചനകളെ ചിട്ടയോടെ ഒരു ചരടിൽ കോർത്ത ഒരു മുത്തുമാലയാക്കിയത് എം.ഒ. രഘുനാഥ് എന്ന പ്രവാസി എഴുത്തുകാരനും ജെംസ് എഡ്യൂകേഷനിൽ ഹെഡ് ലൈബ്രേറിയനുമാണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾ ലൈബ്രേറിയൻഷിപ് (ഐ. എ. എസ്. എൽ) നോർത്ത് ആഫ്രിക്ക-മിഡിൽ ഈസ്റ്റ് ഡയറക്ടർ ആയും സേവനമനുഷ്ഠിക്കുന്നു. കണ്ണൂർ സ്വദേശിയായ ശ്രീ .രഘുനാഥ് ദുബായിൽ കുടുംബത്തോടൊപ്പം പ്രവാസജീവിതം നയിക്കുന്നു.
ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർക്യാമ്പുകളിലെ തലയിണകൾ, പലനിറങ്ങൾ ഒരു പൂക്കളം, മണലുടുപ്പിലെ മഞ്ഞുടലുകൾ (കവിതാസമാഹാരങ്ങൾ), അണയാത്ത കനലുകൾ- ആഗോള പെൺകവിതകൾ, ദേശാന്തര മലയാള കഥകൾ (എഡിറ്റർ), ഈന്തപ്പന- മരുഭൂമിയുടെ ജീവവൃക്ഷം (പഠനം), പാടി ഒരു സ്നേഹസ്പർശം (ഓർമ), Whispers of Wanderlust (Anthology of students' short stories from around the world). എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

പ്രൊഫഷനുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലും എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ മികച്ച ലൈബ്രേറിയൻ അവാർഡ് ഉൾപ്പെടെ, പ്രൊഫഷണൽ മികവിന് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ മലയാളം ചാനലായ എൻ.ടി.വി. ഏർപ്പെടുത്തിയ പ്രവാസി എഴുത്തുകാരൻ പുരസ്കാരം, പാം അക്ഷരതൂലിക പുരസ്കാരം, ഓർമ സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആറു വൻകരകളെ പ്രതിനിധാനം ചെയ്തുകൊണ്ട് അറുപത് രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത നാഷണാലിറ്റിയിലുള്ള അറുപത്തിയാറു വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് തയ്യാറാക്കിയ ചെറുകഥാ സമാഹാരമായ 'Whispers of Wanderlust' നു 'Largest multinational student collaboration for a single anthology' എന്ന വിഭാഗത്തിൽ ലോക റെക്കോർഡ്പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. ഭാര്യ: സുജ മക്കൾ: ഗംഗ, ഇഷാൻ.

നവംബർ ഏഴിന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആണ് പ്രകാശനം നടന്നത് . എഴുത്തുകാരി ആർ രാജശ്രീ , മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിനു നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത് .ടി .കെ .അബ്ദുൽ ഹമീദ് , അംബു സതീഷ് ,നിസാർ ഇബ്രാഹിം , കെ ഗോപിനാഥൻ ,ഹാരീസ് , ഈജിപ്ത് ,എത്യോപ്യ എന്നിവിടങ്ങളിൽ നിന്ന് കവികളായ ജുബിൻ രാജ് ,ജയ് ഗിരി ബാലകൃഷ്ണൻ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു . മാതൃഭൂമി ബുക്ക്സ് ഔട്ട് ലെറ്റുകളിൽ ബുക്ക് ഇപ്പോൾ ലഭ്യമാണ്