ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് നടതുറന്നത്.
ശബരിമല മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയുയും സ്ഥാനമേൽക്കും. നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ ഒന്നും ഉണ്ടാകില്ല. വൃശ്ചികപ്പുലരിയില്‍ നടതുറക്കുമ്പോള്‍ യോഗനിദ്രവിട്ടുണര്‍ന്ന നിലയിലായിരിക്കും ഭഗവാന്‍.
താപസരൂപത്തില്‍ ഭഗവാനെ കാണാനുള്ള അവസരം മണ്ഡലകാലത്ത് ഇന്ന് മാത്രമാണ് ഭക്തര്‍ക്ക് ലഭിക്കുക. താപസ ഭാവത്തിലുള്ള ഭഗവാനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്. തലയില്‍ ഉത്തരീയക്കെട്ടും കൈയില്‍ ജപമാലയും കഴുത്തില്‍ രുദ്രാക്ഷവുമണിഞ്ഞ് ചിന്മുദ്രാങ്കിത യോഗസമാധിയില്‍ യോഗദണ്ഡുമായി ഭസ്മത്താല്‍ മൂടി തപസ്സനുഷ്ഠിക്കുന്ന രൂപത്തിലായിരിക്കും അയ്യപ്പന്‍. രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴ്ച മുതല്‍ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ 41 ദിവസവും ഉണ്ടാകും.