ദന്താരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി

0

സൗദി ദന്താരോഗ്യ മേഖലയിൽ 55 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. രണ്ടു തവണകളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരും. തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽ റാജ്ഹിയാണ്‌ പുതിയ പ്രഖ്യാപനം നടത്തിയത്. മൂന്നോ അതിൽ കൂടുതലോ ദന്ത ഡോക്ടർമാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും പുതിയ തീരുമാനം ബാധകമാവുക.

ദന്താരോഗ്യ മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി 55 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. മൂന്നോ അതിൽ കൂടുതലോ ദന്ത ഡോക്ടർമാർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ അടുത്ത വർഷം മാർച്ച് 26 മുതൽ ഒന്നാം ഘട്ടമായ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കും. രണ്ടാം ഘട്ടം 2021 മാർച്ച് 14 മുതലായിരിക്കും ആരംഭിക്കുക. അന്ന് മുതൽ അടുത്ത 30 ശതമാനം സ്വദേശിവൽക്കരണം നടപ്പിൽ വരും.

ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും പുതിയ തീരുമാനം നടപ്പാക്കുന്നുണ്ടെന്നു ആരോഗ്യ മന്ത്രാലയം ഉറപ്പു വരുത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രാലയ വക്താവ് ഖാലിദ് അൽ ഖലീൽ പറഞ്ഞു. സ്വദേശികളായ ദന്ത ഡോക്ടർമാരുടെ തൊഴിലില്ലാഴ്മ നിരക്ക് കുറക്കുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ഉദ്ദേശം. വിദേശത്തുനിന്നുള്ള ദന്ത ഡോക്ടർമാരുടെ റിക്രൂട്മെന്റ് വിലക്കുന്നതിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങൾ ധാരണയിലെത്തിയതായി സൗദി ആരോഗ്യ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.