വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരനിറവില്‍ ‘സെക്‌സി ദുര്‍ഗ്ഗ’; റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ്

0

റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ പുരസ്കാരനിറവില്‍ നില്‍ക്കുന്നതിനിടയില്‍  സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘സെക്‌സി ദുര്‍ഗ്ഗ’യ്ക്ക് റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. വിഖ്യാത സംവിധായകന്‍ ആേ്രന്ദ തര്‍ക്കോവിസ്‌കിയുടെ പേരിലുള്ള ചലച്ചിത്രോത്സവത്തില്‍ ഛായാഗ്രഹണ മികവിനുള്ള പുരസ്‌കാരമാണ് ‘സെക്‌സി ദുര്‍ഗ്ഗ’യെ തേടിയെത്തിയത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവന്റെ ‘ക്രൈം നമ്പര്‍ 89’, ഡോണ്‍ പാലത്തറയുടെ ‘ശവം’ എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതാപ് ജോസഫാണ് ‘സെക്‌സി ദുര്‍ഗ’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഇനിയും തീയേറ്ററുകളിലെത്താത്ത ചിത്രത്തിന് പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ നേരത്തേ പുരസ്‌കാരം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ 45ാം റോട്ടര്‍ഡാം മേളയില്‍ മികച്ച സിനിമയ്ക്കുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരമാണ് ‘സെക്‌സി ദുര്‍ഗ്ഗ’യെ തേടിയെത്തിയത്. ‘ഒഴിവുദിവസത്തെ കളി’ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സെക്സി ദുര്‍ഗ്ഗ. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞ ‘സെക്സി ദുര്‍ഗ്ഗ’ സദാചാര പൊലീസിങ് ആണ് വിഷയമാക്കുന്നത്.