ഗൃഹാതുരത്വമുണര്‍ത്തുന്ന പൂരം ഓര്‍മകളെ തഴുകിയുണര്‍ത്താനും ഇലഞ്ഞിത്തറമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും താളലഹരിയി ലാറാടുവാനും സിംഗപ്പൂരില്‍ പൂരനഗരി ഒരുങ്ങുന്നു. സിംഗപ്പൂരിലെ എല്ലാ മലയാളിസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ പത്തുമണിക്ക് പുന്ഗോള്‍ സോഷ്യല്‍ ഇന്നൊവേഷന്‍ പാര്‍ക്ക് (SIP) ഗ്രൗണ്ടില്‍ “സിംഗപ്പൂര്‍ പൂര” ത്തിനു കൊടിയേറുന്നു.
പൂരങ്ങളുടെ പൂരമായ “തൃശൂര്‍ പൂര”ത്തിന്‍റെ തനതു പകിട്ടോടെ നടത്തപ്പെടുന്ന “സിംഗപ്പൂര്‍ പൂര”ത്തിന് കേരളത്തിലെ പ്രഗല്‍ഭരായ മേളപ്രമാണിമാരാണ് നേതൃത്വം നല്‍കുന്നത്. പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയാകുന്ന ഇലഞ്ഞിത്തറമേളത്തില്‍, പനങ്ങാട്ടിരി മോഹനന്‍, പാഞ്ചാല്‍ വേലുക്കുട്ടി, അയിലൂര്‍ ഹരി, ത്രിപ്പല്ലൂര്‍ ശിവന്‍, നന്ദനന്‍ എന്നീ പ്രഗല്‍ഭരുടെ കീഴില്‍ ഇരുപത്തഞ്ചോളം വാദ്യകലാകാരന്മാരും പറക്കാട് തങ്കപ്പന്‍മാരാരുടെ പ്രമാണിത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യത്തില്‍ ചോറ്റാനിക്കര വിജയന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍, കലാമണ്ഡലം കുട്ടിനാരായണന്‍, തിരുവില്വാമല ഹരി തുടങ്ങിയ പ്രഗല്‍ഭരുടെ കീഴില്‍ ഇരുപതോളം വാദ്യകലാകാരന്മാരും താളവിസ്മയം തീര്‍ക്കുന്നു.
സിംഗപ്പൂര്‍ പൂരത്തിന് കൂടുതല്‍ പകിട്ടേകുവാനായി മേളപ്പെരുമയ്ക്ക് പുറമേ പുലി കളി, ആനച്ചമയ പ്രദര്‍ശനം, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ തനതുകലാരൂപങ്ങളും സാംസ്കാരിക പരിപാടികളും വിവിധ വേദികളിലായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
സിംഗപ്പൂര്‍ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന “സിംഗപ്പൂര്‍ പൂരം” വന്‍വിജയമാക്കുവാന്‍ വലിയൊരു സംഘാടകസമിതി തന്നെ “പൂരക്കമ്മറ്റി” എന്ന പേരില്‍ രൂപപ്പെട്ടുകഴിഞ്ഞു. മലയാളികള്‍ക്ക് മാത്രമല്ല, സിംഗപ്പൂരിലെ എല്ലാ കലാസ്വാദകര്‍ക്കും എന്നെന്നും മനസ്സില്‍ ഓര്‍ത്തുവെക്കാനുതകുന്ന ഒരു ദൃശ്യ-ശ്രവ്യ വിരുന്നായി “സിംഗപ്പൂര്‍ പൂരം” മാറുമെന്നുറപ്പാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക:
Ragesh:+65-94590527 | Sujith: +65-93391214 | Rajesh: +65-92387443 | Madhu: +65-82928167 | Sabari : +65-81391140 | Arun: +65-97893298 | MKV: +65-85861971 | Shiny: 81612134 | Remya: 81615148 | Meenu : 94847262
Email : [email protected]