രാമലീലയുടെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്നു നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

0

നടന്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതിസന്ധിയിലായത് നടന്‍ ഒടുവില്‍ അഭിനയിച്ച രാമലീലയുടെ റിലീസാണ്. വലിയ പ്രതീക്ഷകളോടെ ബിഗ്‌ ബജറ്റില്‍ ഒരുക്കിയ ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കവെയാണ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നത്.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രമായിരുന്നു ‘രാമലീല’. ‘പുലിമുരുകന്’ ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം.നേരത്തേ ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ റിലീസ് അണിയറക്കാര്‍ 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ റിമാന്‍ഡിലുള്ള ദിലീപിന് ആദ്യം അങ്കമാലി മജ്സ്ട്രേറ്റ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് സംബന്ധിച്ച അണിയറക്കാരുടെ കണക്കുകൂട്ടലുകളും പിഴച്ചു. ഇപ്പോള്‍ രണ്ടാംതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നു.എന്നാല്‍ ദിലീപിന് ഇത്തവണ ജാമ്യം കിട്ടിയാല്‍ ചിത്രം ഓണത്തിനെത്തിക്കാന്‍ അണിയറക്കാര്‍ പദ്ധതിയിട്ടിരുന്നു.  രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അജിത്ത്കുമാര്‍ ചിത്രം ‘വിവേകം’ കേരളത്തില്‍ വിതരണം ചെയ്തത് എന്നതിനാല്‍ ‘രാമലീല’യ്ക്കായി വേണമെങ്കില്‍ ആ തിയേറ്ററുകള്‍ ലഭ്യമാക്കാമെന്നും വിലയിരുത്തല്‍ ഉണ്ടായി.

എന്നാല്‍ ദിലീപിന് പുറത്തേക്കുള്ള വഴി സുഗമമല്ലാതായത്തോടെ ഇപ്പോള്‍ തനിക്ക് രാമലീലയുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല എന്നാണു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. ‘ഇനി രാമലീല എന്ന് തീയേറ്ററുകളിലെത്തിക്കാനാവുമെന്ന് അതിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. സംഘടനാ പ്രതിനിധികളോടൊക്കെ ആലോചിച്ച് മാത്രമേ ചെയ്യാനാവൂ’, ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.