ആഞ്ഞടിച്ച് ഹിക്ക ചുഴലി കാറ്റ്; ഭീതിയിൽ ഒമാൻ

0

ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകമിൽ ആഞ്ഞടിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട “ഹിക്ക” ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇരുപതു കിലോമീറ്റർ അടുത്ത് എത്തിയതായി ഒമാൻ കാലാവസ്ഥ കേന്ദ്രം. “ശർഖിയ ” “അൽ വുസ്ത” എന്നീ തീര പ്രദേശങ്ങളിൽ കനത്ത മഴയോട് കൂടി “ഹിക്ക ” ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ മുന്നറിയിപ്പ് നല്‍കി.

കനത്ത കാറ്റിൽ പലയിടത്തും കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 124 കിലോമീറ്റർ വരെയായി ഉയർന്നിരുന്നു. കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാർജിച്ച് ചുഴലിയായി മാറിയത്.

ഹിക്ക” ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമാണെന്ന് ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. അൽ വുസ്ത മേഖലയിലെ “ദുഃഖം” എന്ന പട്ടണത്തിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെയാണ് “ഹിക്ക ചുഴലിക്കാറ്റ് ഇപ്പോൾ. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളിൽ രാവിലെ മുതൽ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു.