പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവന നിരക്കുകൾ വർദ്ധിപ്പിച്ചു
ഡൽഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി പാസ്‌പോർട്ട് സേവന നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കുകളിൽ വർദ്ധനവ് വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും സ്ഥിരീകരിച്ചു.
പാസ്‌പോർട്ട് വിതരണത്തിനും അനുബന്ധ സേവനങ്ങൾക്കുമുള്ള പുതുക്കിയ നിരക്കുകൾ എംബസി, കോൺസുലേറ്റ്, ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ എന്നിവടങ്ങളിൽ ഒരേപോലെ ബാധകമായിരിക്കുമെന്ന് ഗൾഫ് മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ജൂൺ 20 ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ തുടർന്നാണ് നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.
പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ പ്രകാരം ആഗോളതലത്തിൽ പാസ്‌പോർട്ട് നിരക്കുകൾ 75 ശതമാനം വരെയാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. യുഎഇയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ നിരക്ക് വർദ്ധനവ് ബാധിക്കും. യുഎഇയിൽ വിവിധ സേവനങ്ങളുടെ ഫീസിൽ 70 ശതമാനത്തോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ
പുതിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്ക് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും സാധാരണ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് 450 ദിർഹം നൽകണം. മുമ്പ് ഇത് 285 ദിർഹമായിരുന്നു. 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായി ഉയർന്നു.
തത്കാൽ സ്കീം നിരക്കുകളിലും വർദ്ധനവ്
തത്കാൽ സ്കീമിന് കീഴിലുള്ള പാസ്‌പോർട്ട് ഫീസിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. 36 പേജുള്ള പാസ്‌പോർട്ടിന് മുമ്പുണ്ടായിരുന്ന 855 ദിർഹത്തിൽ നിന്ന് 900 ദിർഹമായും, 60 പേജുള്ള പാസ്‌പോർട്ടിന് 950 ദിർഹത്തിൽ നിന്ന് 1,080 ദിർഹമായും നിരക്കുകൾ ഉയർന്നു.
പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിനെ തുടർന്ന് പുതിയതിന് അപേക്ഷിക്കുകയാണെങ്കിൽ, സാധാരണ രീതിയിൽ 36 പേജുള്ള പാസ്‌പോർട്ടിന് 900 ദിർഹവും തത്കാൽ സ്കീമിൽ 1,350 ദിർഹവും ഈടാക്കും. 60 പേജുള്ള പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിന് സാധാരണ നിരക്ക് 1,080 ദിർഹവും തത്കാൽ നിരക്ക് 1,530 ദിർഹവും നൽകണം. കൂടാതെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്‌പോർട്ട് വഴി പരിശോധന ആവശ്യമുള്ള മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് 145 ദിർഹം വീതം ഈടാക്കുമെന്നും ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.