ദുബായ്: വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിക്കപ്പെടാതിരിക്കാൻ പുതിയ നടപടികളുമായി എമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൂടാതെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഓരോ പാസ്പോർട്ട് ഓഫീസ് വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജൻസികൾ ചൂഷണം ചെയ്യുന്ന നടപടി നിർത്തലാക്കും. ജോലിതേടി പോകുന്നവരുടെ സംരക്ഷണം ഉറപ്പാക്കും മുരളീധരൻ പറഞ്ഞു. നൈജീരിയയിൽനിന്നുള്ള യാത്രാമധ്യേ ദുബായിൽ വെള്ളിയാഴ്ച വിവിധ പരിപാടികളിൽ സംസാരിക്കുന്നതിനിടയിലാണ് വിദേശകാര്യവകുപ്പിന്റെ പുതിയ നടപടികൾ കേന്ദ്രമന്ത്രി വിശദീകരിച്ചത്.
വിമാനയാത്രനിരക്കുകൾ സീസൺ സമയങ്ങളിൽ കുത്തനെ വർധിപ്പിക്കുന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യോമയാനമന്ത്രിയുമായി ആദ്യവട്ട ചർച്ച നടത്തിയിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളുമായും ആലോചിച്ച് അനുകൂലനടപടിക്ക് ശ്രമിക്കും. ഇന്ത്യയിലെ വിമാനത്താവളങ്ങൾ കൂടുതൽ ‘സ്മാർട്ടാ’ക്കും- മുരളീധരൻ പറഞ്ഞു.
ആധാർ ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽരേഖ മാത്രമാണ്. ആധാറില്ലാത്ത പ്രവാസികൾക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങൾ അനുഭവിക്കാൻ തടസ്സമുണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കുമെന്നും വിദേശകാര്യസഹമന്ത്രി വിശദീകരിച്ചു. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനും നിയമനടപടികൾ ഉണ്ടാവും. ഇതിന് ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതിവരുത്തണം. അടുത്തുതന്നെ ഇതു പാർലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ദുബായിലെ എമിറേറ്റ്‌സ് എയർലൈൻസ് അധികൃതരുമായി വിമാനസർവീസുകൾ സംബന്ധിച്ചുള്ള ചർച്ചയിലും പങ്കെടുത്തു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഡൽഹിയിലേക്ക് യാത്രതിരിച്ചു.