സൗദിയില്‍ വാഹനങ്ങളുടെ ഉടമസ്ഥ കൈമാറ്റ സംവിധാനം അബ്ശീര്‍ പോര്‍ട്ടല്‍ വഴിയാക്കുന്നു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശീര്‍ വഴി സാധ്യമാകുക. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന.
രാജ്യത്തെ വിദേശികളും സ്വദേശികളുമായ വ്യകതികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശിര്‍ പോര്‍ട്ടല്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ കാര്‍ എക്‌സിബിഷന്‍ സെന്ററുകള്‍ വഴിയോ സ്വകാര്യ ഓഫീസുകള്‍ മുഖേനയോ മാത്രമേ ഇതിന് സംവിധാനമുള്ളൂ. അബ്ശീര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം കേന്ദ്രങ്ങളുടെ സഹായം ഇല്ലാതെ തന്നെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. സംവിധാനം അടുത്ത ദിവസങ്ങളില്‍ പ്രാബല്യത്തിലാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
പുതിയ സംവിധാനത്തിലൂടെ വ്യക്തിഗത കൈമാറ്റം മാത്രമാണ് സാധിക്കുക. എന്നാല്‍ കമ്പനികളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം പഴയത് പോലെ തുടരും. നിലവില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് കാലാവധി പരിശോധിക്കുന്നതിനും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുന്നതിനും അബ്ശീര്‍ പോര്‍ട്ടല്‍ വഴി നിലവില്‍ സംവിധാനം ഉണ്ട്.