കേരള ക്രിക്കറ്റ് താരം സഞ്ജു സാംസനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേന്‍ അച്ചടക്ക സമിതി രൂപീകരിച്ചു. നിലവില്‍ കേരള രഞ്ജി ടീമംഗമായ സഞ്ജു, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന്, ഇക്കാര്യം അന്വേഷിക്കുന്നതിനായി നാലംഗ സമിതിയെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) നിയോഗിച്ചിരിക്കുന്നത്. ഇത്തവണത്തെ രഞ്ജി സീസണിനിടെ സഞ്ജു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്ലാ അച്ചടക്ക ലംഘനങ്ങളും കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും.
മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മല്‍സരം നടക്കുന്നതിനിടെ സഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്ന ആരോപണത്തേക്കുറിച്ചും അന്വേഷിക്കും. ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്ജു, ഏറെ വൈകിയാണ് ടീമിന്റെ താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയതെന്നാണ് ആരോപണം.മാത്രമല്ല, ടീം ക്യാംപിലെ സഞ്ജുവിന്റെ പെരുമാറ്റ രീതിയേക്കുറിച്ചും പരാതികളുണ്ട്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായി ആരോപണമുണ്ട്. കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായി ടി.സി. മാത്യു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തുടര്‍ന്ന് ആറു മണിക്കൂറോളം സമയം സഞ്ജു ടീം ക്യാംപില്‍നിന്ന് അപ്രത്യക്ഷനായി. ഏറെ വൈകി തിരിച്ചെത്തുകയും ചെയ്തു. താന്‍ എവിടേക്കാണു പോകുന്നതെന്ന കാര്യം സഞ്ജു ടീം അധികൃതരെ അറിയിച്ചിരുന്നുമില്ല. കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെ സഞ്ജുവിന്റെ പിതാവ് ഫോണില്‍ അസഭ്യം പറഞ്ഞെന്ന ആരോപണത്തേക്കുറിച്ചും സമിതി അന്വേഷിക്കും.
അതെസമയം സഞ്ജുവിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ നിഷേധിച്ച് അച്ഛന്‍ സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ ടിസി മാത്യുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും സഞ്ജു ഗ്രൗണ്ടില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്നും സഞ്ജുവിന്റെ പിതാവ് പറയുന്നു.ഡ്രസ്സിംഗ് റൂമിലൂണ്ടായത് സ്വഭാവിക പ്രതികണമാണെന്നും പരിക്കുളളതിനാല്‍ സഞ്ജുവിനെ കെസിഎയോട് മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.