ചെക്ക് മടങ്ങിയാല്‍ ഇനി ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേക്കാം . ഇത് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നത്.
ചെക്ക് മടങ്ങുമെന്ന ഭയം കാരണം ചെക്ക് വാങ്ങാന്‍ തയാറാകാത്തതെന്ന് വ്യാപാരികള്‍ യോഗത്തില്‍ അറിയിച്ചു. ശിക്ഷ കൂട്ടിയാല്‍ ചെക്ക് വാങ്ങാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലോടെ അവതാളത്തിലായ ബിസിനസ്സ് രംഗം സാധാരണ നിലയിലെത്തിക്കാന്‍ നടപടി വേണമെന്ന് വ്യാപാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ചെക്ക് മടങ്ങുന്നതിന് ശിക്ഷ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനകാലത്ത് തന്നെ ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നേക്കും. ചെക്ക് മടങ്ങുന്ന പക്ഷം ചെക്ക് നല്‍കിയ ആള്‍ക്ക് പിഴവ് തിരുത്താന്‍ ഒരു മാസത്തെ സമയം നല്‍കുക, അതിന് ശേഷവും പണം നല്‍കാത്ത പക്ഷം കടുത്ത ശിക്ഷയാകും നേരിടേണ്ടി വരുക.
കേസ് തീര്‍പ്പാകുന്നതിന് മുമ്പ് തന്നെ ചെക്ക് നല്‍കിയ ആള്‍ അറസ്റ്റിലാകുന്ന സാഹചര്യവുമുണ്ടാകും. നിലവില്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ പണത്തിനായി വര്‍ഷങ്ങള്‍ കേസ് നീണ്ടുപോകുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെ വിവിധ കോടതികളില്‍ 18 ലക്ഷം ചെക്ക് മടങ്ങിയ കേസുകളാണുള്ളത്.