കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും പാലസ്തീന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് മലേഷ്യ സമര്‍പ്പിച്ച പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കി.
മലേഷ്യയടക്കം നാല് രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 15 അംഗങ്ങളുള്ള രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. വീറ്റോ അധികാരമുപയോഗിച്ച് അമേരിക്ക പ്രമേയത്തെ എതിര്‍ക്കുമെന്ന ഇസ്രായേല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി വോട്ടെടുപ്പില്‍നിന്ന് അമേരിക്ക വിട്ടുനിന്നതോടെയാണ് തടസ്സങ്ങളില്ലാതെ പാസായത്.
ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗാള്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് അധിനിവേശത്തിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കുന്നത്. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ എട്ടുവര്‍ഷത്തിനിടെ പാസാകുന്ന ആദ്യ പ്രമേയമാണിത്.
പാലസ്തീനിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമപരമായി സാധുത ഇല്ലെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.