കൊച്ചുകുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ആണ് ഇന്ന് പത്രങ്ങളായ പത്രങ്ങളില്‍ എല്ലാം വാര്‍ത്തയാകുന്നത് .ആ താളുകള്‍ മറിയ്ക്കുമ്പോള്‍ തന്നെ കൈകള്‍ വിറയ്ക്കുകയാണ് .വിടര്‍ന്നു വരുന്ന ഒരു പൂമൊട്ടിനെ ചവിട്ടിമെതിയ്ക്കും പോലെ അവരെ ചില കാമഭ്രാന്തന്മാര് ചവിട്ടി അരയ്ക്കുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന ആ കുരുന്നുകളുടെ മുഖം മനസാക്ഷി ഉള്ള ഒരാള്‍ക്കും സങ്കല്പ്പിക്കാന് കഴിയില്ല .
ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ആയിരിക്കണം ഓരോ കുഞ്ഞുങ്ങളും നമുക്കിടയിൽ വളരേണ്ടത്. എങ്കിൽ മാത്രമേ ആരോഗ്യപൂർണമായ ഒരു സമൂഹം രൂപം കൊള്ളുകയുള്ളൂ. എന്നാൽ മാധ്യമങ്ങളിൽ നിറയുന്ന കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ ഭയം ഉണ്ടാക്കുന്ന ഒന്നാണ്. ഓരോ ദിവസവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്മുന്നിൽ നിന്നും കണ്ണടച്ച് തുറക്കുന്നതിനുള്ളിൽ കുട്ടികളെ കൊണ്ട് അപ്രത്യക്ഷരാവാൻ കഴിവുള്ള റാക്കറ്റുകൾ നമുക്കിടയിലുണ്ട്. കൂടാതെ വലിയൊരു വിഭാഗം കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുള്ളത് സ്വന്തം കുടുംബങ്ങളിൽ നിന്നോ പരിചയക്കാരിൽ നിന്നോ ആണ് എന്നുള്ളത് മറ്റൊരു യാഥാർഥ്യം. കുട്ടികൾളോടുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ചർച്ച ചെയുമ്പോൾ പീഡോഫിലിയ എന്ന മാനസിക വൈകല്യത്തെ കുറിച്ച് നാം അറിഞ്ഞിരിക്കേണം.ഒരു മുതിർന്ന വ്യക്തിക്ക് കുട്ടികളോട് ഉണ്ടാകുന്ന ലൈംഗിക ആകർഷണത്തെയാണ് paedophilia എന്നു അറിയപ്പെടുന്നത്. ഈ വ്യക്തിത്വ വൈകല്യത്തിന് ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും കാരണങ്ങൾ ഉണ്ടാകാം .പക്ഷെ അതൊന്നും ഈ തെറ്റിനെ ന്യായീകരിക്കാന്‍ ഉള്ള വാദങ്ങള്‍ ആകുന്നില്ല .
കുട്ടികള്‍ അത് ആണായിരുന്നാലും പെണ്ണായിരുന്നാലും ശരി, അവര്‍ സ്വന്തം കുടുംബത്തില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 60 ശതമാനം പേരും പ്രായമുള്ളവരോ, സഹോദരങ്ങളോ, പിതാക്കന്മാരോ അടുത്ത രക്ത ബന്ധത്തില്‍പ്പെട്ട മറ്റുള്ളവരോ ആണ്. ബാക്കി 30 ശതമാനം പേരും അങ്കിള്‍, കൊച്ചിച്ചന് തുടങ്ങിയ മറ്റ് ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആകാം. എന്നാല്‍ അപരിചിതരായവര്‍ കുട്ടികളെ ആക്രമിക്കുന്നത് വെറും 10 ശതമാനം മാത്രമാണ്. പരിചിതരായവരെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്ന് സാരം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചില്‍ ഒരാള്‍ക്ക് മാനസിക രോഗവും വ്യക്തിത്വ വൈകല്യവും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. അതായത് മറ്റൊരു അസുഖവുമില്ലാത്ത പകല്‍ മാന്യരാണെങ്കിലും ഇത്തരം വൈകല്യമുള്ളവര്‍ ഓരോ കുടുംബത്തിലും ഉണ്ടെന്നത് വ്യക്തം. സാഹചര്യങ്ങളാണ് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന മൃഗീയ വാസനയെ ഉണര്‍ത്തുന്നത്. കുട്ടികളെ വീട്ടിലോ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട് പോകുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഇവര്‍ മുതലെടുക്കുന്നത്. കുട്ടിയോട് ബന്ധുക്കള്‍ക്ക് ചെറുതായി തോന്നുന്ന വാസനയാണ് പിന്നീട് തരം കിട്ടുമ്പോഴുള്ള ക്രൂരമായ ലൈംഗിക പീഡനമായി മാറുന്നത്.
കുഞ്ഞുങ്ങളോട് അടുപ്പം കാണിക്കുകയും സ്നേഹം പ്രകടിപ്പിക്കുന്നവരുമെല്ലാം തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ തക്കം നോക്കിയിരിക്കുന്നവർ ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ചിന്ത കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും അവരിലെ വ്യക്തിത്വ വികസനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തന്റെ കുഞ്ഞിനു ഓരോ പ്രായത്തിലും നൽകേണ്ടതായ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളതാണ്. മറ്റൊരാൾ തന്നോട് കാണിക്കുന്ന അനാവശ്യമായ സ്വാതന്ത്യത്തിനു എതിരെ ഇല്ല / പറ്റില്ല എന്ന് പറയാനുള്ള ധൈര്യം കൊടുക്കണം. കൂടാതെ കുട്ടികൾക്ക് തുറന്നു സംസാരിക്കാനുള്ള അവസരങ്ങളും അത് കേട്ടിരിക്കാനുള്ള സമയവും രക്ഷിതാക്കൾ കണ്ടെത്തണം. രക്ഷിതാക്കൾക്കുള്ളത് ഉള്ളതുപോലെ തന്നെ അധ്യാപകർക്കും കുട്ടികളുടെ സംരക്ഷണത്തിൽ മുഖ്യമായ പങ്കുണ്ട്. അധ്യാപകർ കുട്ടികളിലെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങൾ നിരീക്ഷിക്കുകയും ചോദിച്ചറിയുകയും വേണം. ലൈംഗിക ചൂഷണത്തിന് ഇരയായ കുഞ്ഞിനു മാനസിക ധൈര്യവും സംരക്ഷണവും കൊടുക്കേണ്ടതുണ്ട്. കുട്ടികളുടെ മാനസിക നിലയെയും ഭാവി ജീവിതത്തെയും മോശമായി ബാധിക്കാതിരിക്കുവാൻ ഇത് അത്യാവശ്യമാണ്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കുട്ടികൾ ഇടപെടുന്നത് കുറവല്ല. കുട്ടികൾ കാലത്തിനൊപ്പം വളരേണ്ടത് തന്നെയാണ്. എന്നാൽ കുട്ടികളെ വലയിൽ വീഴ്ത്താൻ നോക്കിയിരിക്കുന്ന ഇരപിടിയന്മാർക്കു ഇത് ഒരു അവസരമാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെടാനും കൂട്ടുകൂടാനും സ്നേഹം നടിച്ചു കണ്ടുമുട്ടലുകൾ സൃഷ്ടിക്കാനും അത് വഴി കുരുക്കിൽ പെടുത്താനും ശ്രമിച്ചുകൊണ്ട് കുട്ടികൾക്ക് മീതെ വട്ടമിട്ടു പറക്കുന്നവർ ധാരാളമുണ്ട്. ഇത്തരം റാക്കറ്റുകളും കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നവരും (Pedophiles) ചുറ്റും ഉണ്ടെന്ന ബോധ്യത്തോടെ കുട്ടികളുടെ സാമൂഹ്യ മാധ്യമങ്ങളുമായുള്ള ഇടപെടലുകളെ വിലക്കാതെ തന്നെ അവരിൽ രക്ഷിതാക്കൾ ശ്രദ്ധാലുവായിരിക്കണം.