ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. എന്നാല്‍ ആര് എപ്പോള്‍ എന്ന് മുതല്‍ ഈ ദിവസം ആഘോഷിച്ചു തുടങ്ങി എന്ന് എത്രപേര്‍ക്ക് അറിയാം. ആരാണ് ഈ ഫാദഴ്സ് ഡേ ആദ്യമായി ആഘോഷിച്ചത്, എന്താകും അതിന്റെ കാരണം ?
എന്നാല്‍ കേട്ടോളൂ അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ തുടങ്ങിയതിന് പിന്നില്‍. അമ്മയില്ലാതെ തന്നെയും അഞ്ച് സഹോദരന്‍മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള ആദരസൂചകമായാണ് സൊനോര ഫാദേഴ്‌സ് ഡേയ്ക്ക് തുടക്കം കുറിച്ചത്.
യു.എസില്‍ 1882ല്‍ ജനിച്ച സൊനോരയ്ക്ക് തന്റെ പതിനാറാം വയസിലാണ് തന്റെ അമ്മയെ നഷ്ടപ്പെട്ടത്. അമ്മയുടെ മരണ ശേഷം സെനോരയേയും അഞ്ച് സഹോദരന്‍മാരെയും പിതാവ് ഒരു കുറവും അറിയിക്കാതെ വളര്‍ത്തി. 1909ല്‍ പള്ളിയില്‍ മദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കെയാണ് അച്ഛന്‍മാര്‍ക്ക് വേണ്ടി ഒരു ദിനമില്ലെന്ന് സൊനോര ശ്രദ്ധിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മക്കളെ ഏറെ സ്‌നേഹിക്കുന്ന പിതാക്കന്‍മാര്‍ക്കായി ഒരു ദിനം ആരംഭിക്കാന്‍ സൊനോര തീരുമാനിക്കുകയായിരുന്നു. പിതാവിന്റെ ജന്മദിനമായ ജൂണ്‍ അഞ്ചിന് ഫാദേഴ്‌സ് ഡേ ആരംഭിക്കണമെന്നായിരുന്നു സൊനോരയുടെ ആഗ്രഹം. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. അങ്ങനെ 1910 ജൂണ്‍ 19നാണ് ആദ്യ ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്. പിന്നെ ഇത് ലോകം മുഴുവന്‍ ഏറ്റെടുത്തു. ഇതാണ് ഇന്ന് നമ്മള്‍ ആഘോഷിക്കുന്ന ആ ദിവസത്തിനു തുടക്കമായ സംഭവം.