ഉദ്ഘാടനം കഴിഞ്ഞ് നാലാമത്തെ ദിവസം തന്നെ കൊച്ചി മെട്രോ പണിമുടക്കി. ഇന്നലെ രാത്രി 7.40നു ആലുവയില്‍നിന്നും പുറപ്പെട്ട മെട്രോ നിമിഷങ്ങള്‍ക്കകം മുട്ടം സ്റ്റേഷനില്‍വെച്ചാണ് പണി മുടക്കിയത്. ഈ സമയത്ത് അഞ്ഞൂറിലധികം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു.
പതിവുപോലെ ആളെ ഇറക്കാനും കയറ്റാനുമായി പ്ലാറ്റ് ഫോമില്‍ നിന്ന ട്രെയിന്‍ നിശ്ചലമാവുകയായിരുന്നു. പത്ത് നിമിഷങ്ങള്‍ക്ക് ശേഷം യാത്രക്കാര്‍ക്കേര്‍പ്പെട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് അനൗണ്‍സ്‌മെന്റ് വന്നു. അഞ്ച് നിമിഷം കഴിഞ്ഞു വീണ്ടും ഒരു ഖേദപ്രകടനം വന്നതല്ലാതെ ട്രെയിന്‍ നീങ്ങിയില്ല.
തുടര്‍ന്ന് മെട്രോ അധികൃതരുമായി യാത്രക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ സിഗ്‌നല്‍ തകരാര്‍ ആണെന്നും മുട്ടം യാര്‍ഡിലേക്കുള്ള ക്രോസിംഗ് ഉള്ള സ്ഥലമായതിനാല്‍ മറ്റൊരു ട്രെയിന്‍ കടന്നുപോയാല്‍ യാത്ര തുടരാമെന്നും അധികൃതര്‍ അറിയിച്ചു.എന്നാല്‍ മറ്റു ട്രെയിനുകള്‍ കടന്നുപോയിട്ടും നിശ്ചലമായ ട്രെയിന്‍ അനക്കമില്ലാതെ തന്നെ കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെക്കുമെന്ന് ഉറപ്പായതോടെ മറ്റൊരു ട്രെയിനില്‍ യാത്രക്കാരെ കയറ്റി പാലാരിവട്ടത്തേക്കുള്ള യാത്ര തുടരുകയായിരുന്നു.