മാധ്യമങ്ങൾ സമാന്തരകോടതി ചമയുന്നുവോ?

0

പോലീസിന്റെയും കോടതിയുടെയും പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നത് സ്ഥിരം സംഭവം ആയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പ്രമുഖനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ നടത്തുന്നത് മാധ്യമവിചാരണയും വ്യക്തിഹത്യയുമാണ്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. എന്നാൽ കുറ്റാരോപിതനെ കുറ്റവാളി ആയാണ് മലയാള മാധ്യമങ്ങൾ തേജോവധം ചെയ്തു കൊണ്ടിരിക്കുന്നത്.

മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന മാധ്യമവ്യഭിചാരമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മിക്കവാറും ചാനലുകളിൽ നടക്കുന്നത്, പൈങ്കിളി കഥകൾ മെനയുന്നു. കേസുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ ഇൻഡസ്‌ട്രിയുടെ പിന്നാന്പുറകഥകൾ ചൊരിഞ്ഞു നിർവൃതിയടയുന്നു. കുറ്റാരോപിതനെ എങ്ങനെയെങ്കിലും നാണം കെടുത്തിയെ അടങ്ങൂ എന്ന വാശി.

സിനിമാക്കാരുടെ വാക്കുകൾ ഇഴ കീറിയെടുത്തു, സ്ത്രീവിരുദ്ധത അടിച്ചേൽപ്പിക്കുന്നു, അവരെക്കൊണ്ടു മാപ്പു പറയിക്കുന്നു. സിനിമാക്കാർ പറയാത്തത് പറഞ്ഞുവന്നു പ്രചരിപ്പിക്കുന്നു.

ഈ കോലാഹലമൊക്കെ കെട്ടടങ്ങി നാളെ കുറ്റാരോപിതൻ പ്രതിയല്ലെന്നു തെളിഞ്ഞാൽ ഈ മാധ്യമങ്ങളൊക്കെ ഒരു മണിക്കൂറിലേക്കോ, ഒരു കോളത്തിലോ ഒതുക്കിയേക്കും. അയാൾക്ക് ഉണ്ടാകുന്ന മാനഹാനി നികത്താൻ ഇവർക്ക് ആവുകയുമില്ല.