ഡാം തുറന്നുവിട്ടപ്പോള്‍ ഒഴുകിയെത്തിയത് സ്വര്‍ണ്ണം; സംഭവം ഇങ്ങനെ

0

അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ  ഒറോവില്‍ കനത്ത മഴയും മഞ്ഞു വീഴ്ചയേയും തുടര്‍ന്ന്  ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തുറന്നുവിടാനായി പദ്ധതിപ്രദേശത്തുള്ള പതിനെണ്ണായിരത്തോളം പേരോട് തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍  വെള്ളം ഒഴുക്കിക്കളയാന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റ് തകര്‍ച്ച കാരണം വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല. അതോടെ ഡാം നിര്‍മിച്ച് ഇത്രയും കാലത്തിനിടെ തുറക്കാത്ത എമര്‍ജന്‍സി സ്പില്‍വേയും തുറക്കേണ്ടി വന്നു.

ഇതിനു പിന്നാലെയാണ് ട്വിസ്റ്റ്‌ നടന്നത്. ഡാമിന്റെ പണിക്കായി വന്നവര്‍ക്ക് സ്വര്‍ണ്ണത്തരികള്‍ കിട്ടിത്തുടങ്ങി. അതോടെ സംഭവം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. വാര്‍ത്ത അറിഞ്ഞതോടെ ജനങ്ങളെല്ലാം ഇങ്ങോട്ടു കുതിച്ചു. പലരും ജോലിയില്‍ നിന്ന് അവധിയെടുത്താണ് നദികളിലെ മണ്ണ് അരിച്ച് സ്വര്‍ണം തേടുന്നത്. ഒഴിവുകാലം ചെലവിടാനായി വരുന്നവരും ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒറോവില്ലാണ്. സമയവും ചെലവിടാം കാശും ഉണ്ടാക്കാം എന്നതാണ് ഇവരുടെ പോളിസി. പ്രദേശത്ത് ഇത്തരത്തില്‍ ശേഖരിക്കുന്ന സ്വര്‍ണം വാങ്ങുന്ന ഒരു സ്റ്റോറുമുണ്ട്. 40 മുതല്‍ 300 ഡോളര്‍ വരെ സ്വര്‍ണം വഴി നേടാനായവരുണ്ടെന്നു പറയുന്നു ഈ സ്റ്റോറുടമകള്‍.

കഴിഞ്ഞ 170 വര്‍ഷമായി സ്വര്‍ണഖനനത്തിന് പേരുകേട്ടതാണ് ഈ പ്രദേശം. ‘കലിഫോര്‍ണിയ ഗോള്‍ഡ് റഷ്’ എന്നൊരു ചരിത്രസംഭവം തന്നെയുണ്ട്. അമേരിക്കയുടെ തന്നെ മുഖച്ഛായ മാറ്റിമറിക്കാന്‍ തക്ക വിധത്തിലായിരുന്നു 1848ല്‍ ഇവിടെ സ്വര്‍ണം കണ്ടെത്തുന്നത്. അതോടെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് ഒഴുകിയെത്തിയത് മൂന്നുലക്ഷത്തോളം പേര്‍. കലിഫോര്‍ണിയയുടെയും ഭാവി മാറ്റിക്കുറിക്കുന്നതായിരുന്നു ആ ‘ഗോള്‍ഡ് റഷ്’. എന്തായാലും ഭാഗ്യാന്വേഷികള്‍ ഒറോവില്ലിലേക്ക് കുതിച്ചെത്തുകയാണ്. എന്നാല്‍ വലിയ തോതിലുള്ള ഒരു സ്വര്‍ണ്ണ ശേഖരം ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇവിടുന്നു ലഭിച്ച സ്വര്‍ണ്ണ കട്ടിയുടെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളും പുറത്തു വിട്ടിട്ടുണ്ട്.