ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ.,ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സിനോളം പ്രശസ്തയല്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും അറിയപെടുന്ന വ്യക്തി തന്നെയാണ്. എന്നാല്‍ സാധാരണ കോടീശ്വരന്മ്മാരുടെ ഭാര്യമാരെപോലെ ഇഷ്ടംപോലെ ഷോപ്പിങ്, വിദേശ ടൂര്‍, ആഢംബര ജീവിതം ഇതൊന്നുമല്ല അവരുടെ ജീവിതം.
വേണമെങ്കില്‍ മെലിന്‍ഡയ്ക്കും ഇതൊക്കെയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കാമായിരുന്നു. എന്നാല്‍ തന്റെ മുഴുവന്‍ സമയവും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ വേണ്ടി അവര്‍ തന്റെ ജീവിതം മാറ്റിവച്ചു. യാദൃശ്ചികതകളിലൂടെ മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സിന്റെ പ്രിയവധുവായി എത്തിയ മെലിന്‍ഡയ്ക്ക് ആ നന്മ ഒരിക്കലും കൈമോശം വന്നില്ല. തിരക്കേറിയ ലോകത്ത് ഏറ്റവും തിരക്കുള്ള ഈ ദമ്പതിമാര്‍ ചെയ്യുന്നത് ഭൂമിയിലെല്ലാവര്‍ക്കും മാതൃകയാണ്.
1964 ഓഗസ്റ്റ് പതിനഞ്ചിന് ടെക്സാസിലെ ദല്ലാസിലായിരുന്നു മെലിന്‍ഡയുടെ ജനനം. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ മിടുക്കിയായിരുന്ന മെലിന്‍ഡയെ ക്ലാസ് ടീച്ചര്‍ അഡ്വാന്‍സ്ഡ് മാത്ത്സിന്റെ ക്ലാസില്‍ ചേര്‍ത്തു. കംപ്യൂട്ടറുകളോടുള്ള പ്രിയം ആരംഭിക്കുന്നത് അവിടെ വച്ചാണ്. ഉര്‍സുലിന്‍ അക്കാഡമിയില്‍ നിന്നും ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മെലിന്‍ഡ പിന്നീട് ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സും ഇക്കോണമിക്സും പഠിച്ചു. 1987ല്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി. 1987ല്‍ തന്നെയാണ് മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്നത്. പ്രോഡക്റ്റ് ഡെവലപ്മെന്റ് ആയിരുന്നു മേഖല. പിന്നീട് ഇന്‍ഫര്‍മേഷന്‍ പ്രോഡക്റ്റ്സ് വിഭാഗത്തില്‍ ജനറല്‍ മാനേജരായി.
ബില്‍ ഗേറ്റ്സുമായുള്ള പ്രണയത്തിനും വിവാഹത്തിനും ശേഷം 1996ല്‍ ആദ്യകുഞ്ഞിന്റെ വരവോടെ കമ്പനി വിടുന്നതുവരെ മെലിന്‍ഡ അവിടെത്തന്നെയുണ്ടായിരുന്നു.