ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്താക്കൻമാരുടെ പാസ്പോര്‍ട്ട്‌  കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ശുപാർശ

0

വിവാഹ ശേഷം ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്താക്കൻമാരുടെ പാസ്പോര്‍ട്ട്‌  കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ.

സ്ത്രീ പീഡനവും വിവാഹ ശേഷം ഭാര്യയെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിൽ കടക്കുന്ന പരാതികൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരത്തിന് വിദേശകാര്യമന്ത്രാലയം സമിതിയെ നിയോഗിച്ചത്. പഞ്ചാബിലെ പ്രവാസി കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് അരവിന്ദ് കുമാർ ഗോയലാണ് സമിതിയുടെ അധ്യക്ഷൻ.

പ്രവാസി വിവാഹത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കുക, വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ സാമൂഹിക സുരക്ഷാ നമ്പർ, തൊഴിൽ സ്‌ഥലത്തെയും വീടിന്റെയും വിലാസം തുടങ്ങിയവ രേഖപ്പെടുത്തുക, ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർക്ക് ഇന്ത്യൻ സ്‌ഥാനപതി കാര്യാലയങ്ങൾ നൽകുന്ന സഹായധനം 3000 ഡോളറിൽനിന്ന് 600 ഡോളറാക്കുക , കൂടാതെ പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കുക. ഇവയാണ് സമിതിയുടെ പ്രധാന ശുപാർശകൾ. കൂടാതെ വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളിൽ ഗാർഹിക പീഡനവും ഉൾപ്പെടുത്തണമെന്ന് ശുപാർശയിൽ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചർച്ചയുടെ അടിസ്‌ഥാനത്തിൽ സമിതിയുടെ ശുപാർശകൾ തുടർ നടപടികൾക്കായി പരിഗണിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.