നായകന്‍റെ വീട് വരെ റോഡ് ഷോ, വഴി നിറയെ പുഷ്പവൃഷ്ടി, എങ്ങും നായകന്‍റെ ചിത്രം അടിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍, എത്തിയവരുടെ കൈകളില്‍ പുഷ്പങ്ങളും നാരങ്ങാമാലയും ബൊക്കെയും മധുരപലഹാരങ്ങളും. ഇന്നലെ ആലുവ സബ്ജയിലിന് മുന്നില്‍ മലയാളി കണ്ടൊരു കാഴ്ചയാണിത്. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ഉത്തരവിട്ടൊരു പ്രതിയ്ക്ക് കേരള ജനതയുടെ ഒരു വിഭാഗം നല്‍കിയ ഊഷ്മളസ്വീകരണം. അതെ കേരളം മാറുകയാണ്. ഇതുവരെ ഇല്ലാത്ത വിധം.
അക്രമികപെട്ട സ്ത്രീ അവള്‍ നടിയോ ,സാധാരണക്കാരിയോ ആരുമാകട്ടെ ഇന്നലെ അതിനു കാരണക്കാരന്‍ എന്ന് ആരോപിക്കപെട്ട വ്യക്തിയ്ക്ക്( ആരോപണം തെളിവുകള്‍ സഹിതമാണ് ) ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ഇന്നലെ അയാള്‍ക്ക് സ്തുതി പാടിയവരെയാണ് നമ്മള്‍ കണ്ടത്. കൂക്കിവിളികളും ശകാരവര്‍ഷങ്ങളുമായി ജയിലിലേക്ക് പോയ ദിലീപ് ഇന്നലെ പുറത്തു വന്നപ്പോള്‍ എങ്ങും ഉയര്‍ന്നത് ആര്‍പ്പു വിളികള്‍. 85 ദിവസം കൊണ്ട് കേരള ജനതയ്ക്ക് സംഭവിച്ചത് എന്താണ് ?
‘അവര്‍ കളിക്കട്ടെ. അവര്‍ കളി നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ കളി തുടങ്ങും’ എന്ന് ദിലീപ് ജയിലിലായ ആദ്യനാളുകളില്‍ സഹോദരന്‍ അനൂപ് മുഴക്കിയ ഭീഷണിയെ ഇനിയാണ് സൂക്ഷിക്കേണ്ടത്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്വട്ടേഷന്‍ പീഡനമെന്നാണ് നടി കേസിനെ പൊലീസ് വിശേഷിപ്പിച്ചിരുന്നത്. നീണ്ട 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ഫാന്‍സുകാര്‍ . ഇതാദ്യമായിട്ടാണ് ഒരു ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യം ഇത്രയും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്.
ബലാൽസംഗത്തെ ഉജ്വലമായ ഒരു സർഗ്ഗാവിഷ്കാരമായി കൊട്ടിഘോഷിക്കുന്ന ഒരു ജനതയെ നമ്മള്‍ ഭയക്കണം.കാരണം ഈ സംഭവം നമ്മുക്ക് മുന്നില്‍ തുറന്നിടുന്നത് ഒരു വലിയ തിരിച്ചറിവാണ്. പെണ്ണിനെ എന്ത് ചെയ്താലും രണ്ടു നാള്‍ കഴിഞ്ഞാല്‍ എല്ലാവരും എല്ലാം മറക്കും. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഇവിടെയും ശരിയാകുന്നു. രണ്ടര മണിക്കൂര്‍ ഒരു സ്ത്രീജന്മം ഓടുന്ന കാറില്‍ കുറെ വേട്ട നായ്ക്കള്‍ക്കൊപ്പം അനുഭവിച്ച ദുരന്തത്തോളം വരില്ല ഒരു ജനപ്രിയന്റെയും കണ്ണ്നീര്‍. അവള്‍ക്കൊപ്പം നില്‍ക്കാതെ അവനൊപ്പം ക്യംപൈന്‍ നടത്തിയ അവളുടെ തന്നെ ചില സഹപ്രവര്‍ത്തകര്‍ ഒരിക്കലെങ്കിലും ഇത് സ്വന്തം വീട്ടിലെ ഒരു സ്ത്രീയ്ക്ക് സംഭാവിക്കുന്നതിനെ കുറിച്ചു സങ്കല്‍പ്പിച്ചെങ്കിലും നോക്കിയിട്ടുണ്ടോ?
എന്നാല്‍ ആലുവ ജയിലിന് മുന്നില്‍ തടിച്ചുകൂടി നിന്ന് ദിലീപിന് വേണ്ടി ആരവം മുഴക്കുന്ന ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസവും ഉയരുന്നുണ്ട്. സ്വന്തം വീട്ടുകാരോട് ഇല്ലാത്ത സ്‌നേഹമാണ് ഒരു പീഡനക്കേസ് പ്രതിയോട് എന്നതാണ് പല പരിഹാസങ്ങളുടെയും ഉള്ളടക്കം.ഈ വിമര്‍ശനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പോസ്റ്റുകളും ശക്തമാണ്. കേസില്‍ ഇരയായ നടിക്കൊപ്പം നിന്ന വിമന്‍ കളക്ടീവ് ഇന്‍ മലയാള സിനിമയുടെ ഫേസ്ബുക്ക് പേജിലും മറ്റുമായി ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ദിലീപ് ആരാധകര്‍.