മതവികാരം വ്രണപ്പെടുത്തി; നടന്‍ വിജയിക്കെതിരെ കേസ്

0

മെര്‍സല്‍ വിവാദം കത്തിപ്പടര്‍ന്നിരിക്കെ നടന്‍ വിജയിക്കെതിരെ അഭിഭാഷകന്റെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് വിജയിക്കെതിരെ മധുരയില്‍ പരാതി നല്‍കിയിരിക്കുന്നത്. മെര്‍സലിലെ ഒരു രംഗം ഉയര്‍ത്തിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ‘നമുക്ക് പണിയേണ്ടത് ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ്’ എന്ന് വിജയിയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്നുണ്ട്.

ഈ സംഭാഷണം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നത്. വിജയിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ബിജെപി നേതാവ് എച്ച് രാജ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി വന്നിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.