കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് നിത്യസംഭവം. ഗൾഫ് യാത്രക്കാരെയാണ് കരിപ്പൂർ വിമാനത്താവള അധികൃതർ പതിവായി കൊള്ളയടിക്കുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് ബാഗേജുകള്‍ കിട്ടിയപ്പോള്‍ നിരവധി യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായത് വന്‍ വാര്‍ത്തയായിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടമായതായി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇത് സ്ഥിരം സംഭവമാണെന്ന് ആക്ഷേപം ഉയരുന്നത്. സംഭവത്തില്‍ കസ്റ്റംസ് കമ്മിഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ് 344 ദുബായ്‌കോഴിക്കോട് വിമാനത്തിലെ ആറ് യാത്രക്കാര്‍ക്കാണ് നാലുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നത്. സ്റ്റംസ് ഹാളില്‍നിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബ്ബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ഗൾഫ് യാത്രക്കാരാണ് കരിപ്പൂരിൽ കൊള്ളയടിക്കപെടുന്നത്. സ്വര്‍ണ്ണം,മൊബൈല്‍ ഫോണുകള്‍,വിദേശകറന്‍സികള്‍ ,ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് മോഷണം പോയിരിക്കുന്നത്. വിമാനത്തവാളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നാണ് പ്രവാസികളുടെ ആക്ഷേപം. അതുപോലെ തന്നെ വിമാനത്തിൽ കയറ്റുന്ന ലഗേജുകൾ കാണാതാകുന്നതും എയർപോർട്ടുകളിൽ തുടർക്കഥയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം ഇരുപതോളം പരാതികളായിരുന്നു പൊലീസിൽ ലഭിച്ചത്.
ഏറ്റവും കൂടുതൽ ലഗേജുകൊള്ളകൾ നടക്കുന്നത് വിമാനത്തിൽ നിന്നും പുറത്തിറക്കുന്ന സമയത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഓരോ വിമാന കമ്പനികളും വിവിധ ഏജൻസികൾക്കാണ് ലഗേജിന്റെ സുരക്ഷ ഏൽപ്പിച്ചിട്ടുള്ളത്. വൻകിട ഏജൻസികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ഈ ജീവനക്കാരാണ്. ലഗേജുകൾ മോഷണം നടത്തുന്നതിനു പിന്നിൽ വൻശൃംഖല പ്രവർത്തിക്കുന്നതായാണ് വിവിധ അന്വേഷണ ഏജൻസികൾക്കും ലഭിക്കുന്ന വിവരം. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളിൽ പ്രത്യേക കോഡ് ഭാഷകളിൽ മാർക്ക് ചെയ്യപ്പെട്ടാണ് വിദേശത്ത് നിന്നും വരുന്നത്.