ഒരു രാജ്യത്തിൻറെ മുഴുവൻ ഭീകരതയും ഉൾക്കൊള്ളുന്ന ചിത്രത്തിന് ഈ വർഷത്തെ ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

1

വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രം ലോകത്തിനു സമ്മാനിച്ച എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന് 2018ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ പുരസ്‌കാരം.

മെക്‌സിക്കോക്കാരനായ ഷെമിറ്റ് എ.എഫ്.പി ക്കുവേണ്ടി 2017 മെയിലാണ് ചിത്രം പകര്‍ത്തിയത്. മറ്റു ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടിത്തിരിയുന്നതിനിടെ വളരെ യാദൃശ്ചികമായാണ് തനിക്ക് ഇത്തരമൊരു ചിത്രം ലഭിച്ചതെന്ന് ഷെമിറ്റ് പറയുന്നു.

28കാരനായ വിക്ടര്‍ സലാസര്‍ എന്ന യുവാവാണ് ശരീരത്തില്‍ തീയുമായി ചിത്രത്തിലുള്ളത്. വിക്ടറും മറ്റു സമരക്കാരും ചേര്‍ന്ന് പോലീസിന്റെ ബൈക്ക് തകര്‍ക്കുന്നതിനിടെ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്നി ആളിപ്പടര്‍ന്നത്. മുഖത്ത് മാസ്‌ക് ധരിച്ചിരുന്ന വിക്ടറിന്റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. ഭാഗികമായി പൊള്ളലേറ്റ വിക്ടറിന് ജീവാപായം ഉണ്ടായില്ല.

കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് വിലയിരുത്തിയാണ് റൊണാള്‍ഡോ ഷെമിറ്റിന് പുരസ്‌കാരം നല്‍കാന്‍ സമിതി തീരുമാനിച്ചത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പോലീസും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം.