ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു.80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുന്‍പാണ് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ കൂടിയായ മകന്‍ സലിം പുഷ്പനാഥ് മരിച്ചിരുന്നു.
അധ്യാപകനായി ജീവിതം ആരംഭിച്ച് പുഷ്പനാഥ പിള്ള എന്ന കോട്ടയം പുഷ്പനാഥ് ഇതുവരെ മുന്നൂറിലധികം നോവലുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഏറിയപങ്കും അപസര്‍പ്പക നോവലുകളും കുറ്റാന്വേഷണ നോവലുകളായിരുന്നു. 1970, 80 കാലഘട്ടങ്ങളില്‍ മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും ഇദ്ദേഹത്തിന്റെ നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പലതും സിനിമയാക്കുകയും ചെയ്തിട്ടുണ്ട്.
അധ്യാപകനായിരിക്കെ തന്നെ ഡിക്ടറ്റീവ് നോവലുകളെഴുതി ശ്രദ്ധേയനായ ഇദ്ദേഹം വിരമിച്ചതിന് ശേഷവും എഴുത്ത് തുടര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമായി. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാര്‍ക്‌സിനെ കേന്ദ്ര കഥാപാത്രമാക്്കിയാണ് മിക്ക കൃതികളും രചിച്ചിട്ടുള്ളത്.
കോടിയത്തൂര്‍ പ്രൈവറ്റ് സ്‌കൂള്‍, ദേവികുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കല്ലാര്‍കുട്ടി എച്ച്.എസ്, നാട്ടകം ഗവണ്‍മെന്റ് എച്ച്.എസ്, ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവണ്‍മെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കര്‍ദ്ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, ലണ്ടന്‍കൊട്ടരത്തിലെ രഹസ്യങ്ങള്‍, ബ്രഹ്മരക്ഷസ്, ടൊര്‍ണാഡോ,ദി മര്‍ഡര്‍, ഡ്രാക്കുള കോട്ട, ഡെവിള്‍സ് കോര്‍ണര്‍ തുടങ്ങിയ പ്രശസ്തമായ നോവലുകളാണ്.മറിയാമ്മയാണ് ഭാര്യ, സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റ് മക്കള്‍.