യുഎഇയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് മലയാളിയായ ക്രിസ്ത്യന്‍ യുവാവിന്റെ സ്നേഹസമ്മാനം

1

പുണ്യമാസത്തില്‍  യുഎഇയിലെ മുസ്ലിം സഹോദരങ്ങല്‍ക്കായി മലയാളിയുടെ സ്നേഹസമ്മാനം. ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിന് തൊഴിലാളികൾ ഇരുപത് ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേയ്ക്ക് ടാക്സിയിൽ പോകുന്നത് കണ്ടപ്പോഴാണ്  കായംകുളംകാരന്‍ സജി ചെറിയാന്റെ മനസിൽ ആ ആശയം ആദ്യം തോന്നിയത്. എന്ത് കൊണ്ട് മുസ്ലിം സഹോദരന്മാര്‍ക്ക് ഒരു പള്ളി പണിതു നല്കിക്കൂടാ എന്ന്.

പിന്നെ വൈകിയില്ല  ഫുജൈറ വ്യവസായ മേഖലയായ അൽ ഹൈലിലെ ലേബർ ക്യാംപിനടുത്ത് സജി സ്വന്തം  പണം ചെലവഴിച്ച് നിർമിച്ച മുസ്‌ലിം പള്ളി ഇൗ റമസാൻ 17ന് വിശ്വാസികൾക്ക് തുറന്നുകൊടുക്കുകയാണ്.

യുഎഇയിലെ നൂറ് കണക്കിന് മുസ്ലിം ജോലിക്കാരെ ഉദ്ദേശിച്ചാണ് പള്ളി നിര്‍മ്മിക്കുന്നത്. ഫുജൈറയിലെ 53 കമ്പനികള്‍ക്കായി ഇദ്ദേഹം വാടകയ്‌ക്കെടുത്തിരിക്കുന്ന തൊഴിലാളികള്‍ താമസിക്കുന്നയിടത്താണ് സജി ചെറിയാന്‍ എന്ന ബിസിനസുകാരന്‍ പള്ളി  നിര്‍മ്മിക്കുന്നത്.  ‘മർയം; ഉമ്മു ഇൗസ (മർയം, ഇൗസയുടെ മാതാവ്)’ എന്നാണ് അദ്ദേഹം പള്ളിക്ക് നല്‍കിയിരിക്കുന്ന പേര്.  അബുദാബിയിൽ കഴിഞ്ഞ വർഷം ഇതേ പേര് പള്ളിക്ക് നൽകിയിരുന്നു. ഇതര മതക്കാരനായ ഒരാൾ യുഎഇയിൽ നിർമിച്ച ആദ്യത്തെ മുസ്‌ലിം പള്ളി അങ്ങനെ ചരിത്രത്തിലും ഇടംപിടിക്കുകയാണ്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമുദായാംഗമായ സജി നേരത്തെ ദിബ്ബയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്. ഈസ്റ്റ് വില്ലെ കോംപ്ലക്‌സിലെ ഈ പള്ളിയില്‍ എല്ലാ ക്രിസ്ത്യീയ വിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അനുവാദമുണ്ട്.

2003ല്‍  യുഎഇയില്‍ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇദ്ദേഹം. അല്‍ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ മോസ്‌കില്‍ 250 പേരെ ഉള്‍ക്കൊള്ളിക്കാനാകും. ഒരു മോസ്‌ക് നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ച ഇദ്ദേഹം ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം അത്ഭുതമായി. എല്ലാ സഹായവും വാഗ്ദാനം ചെയ്ത അവര്‍ സൗജന്യമായി വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരു കാര്‍പെറ്റും മോസ്‌കിലേക്കുള്ള ഒരു ശബ്ദസംവിധാനവും മാത്രമാണ് ഇദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും സൗജന്യമായി സ്വീകരിച്ചത്. 67.73 ലക്ഷം രൂപ മുടക്കിയാണ് പള്ളി നിര്‍മ്മിച്ചത്.