മലേഷ്യയിൽ വീസ തട്ടിപ്പിനിരയായി കുടുങ്ങിയ മലയാളികളില്‍ നാല് പേര് തിരികെ നാട്ടിലെത്തി. തട്ടിപ്പിനിരയായി കുടുങ്ങിയ പന്ത്രണ്ടു പേരിൽ നാലുപേരാണ് തിരികെ എത്തിയത്. രണ്ടാം സംഘമാണ് ചൊവ്വാഴ്ച 11.30-ന് മലിന്തോ എയര്‍ലൈൻസിൽ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ്വി സ തട്ടിപ്പിനെ തുടര്‍ന്ന് മലേഷ്യയില്‍ അകപെട്ടു പോയ മലയാളികളെ കുറിച്ചുള്ള വാര്‍ത്ത പുറം ലോകം അറിയുന്നത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷൻ (പിഎംഎ) പ്രസിഡന്റ് സി.എം. അഷറഫ് അലി, ജനറൽ സെക്രട്ടറി മുഹമ്മദ് ബാദുഷാ, പ്രവാസി ഹെൽപ്പ് ലൈൻ മാനേജർ ഷാജി മൂവാറ്റുപുഴ, നസീർ പൊന്നാനി തുടങ്ങിയവർ ഇവര്‍ക്ക് സഹായവുമായി എത്തുകയും ഇവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ സഹായത്തോടെ വീസ തട്ടിപ്പിനിരയായവരെ എംബസിയിലെത്തിച്ച് നാട്ടിലേക്കു യാത്രയാക്കുകയുമായിരുന്നു.
കുമളി സ്വദേശി അമൽ, കായംകുളം സ്വദേശി അജിത്ത്, കോഴിക്കോട് കാക്കഞ്ചേരി സ്വദേശി രാജേഷ്, രഘു, എന്നിവരാണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ബാക്കിയുള്ളവരും ഉടൻ നാട്ടിലെത്തുമെന്ന് പിഎംഎ ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ നടപടികൾ എംബസിയിൽ പുരോഗമിക്കുകയാണ്.
കണ്ണൂർ ഇരിട്ടി കേന്ദ്രികരിച്ചുള്ള ഏജന്റ് മുഖേനയാണ് ഇവർ മലേഷ്യയിൽ എത്തിയത്. ഏജന്റുമാർ മലേഷ്യയിൽ പാനാസോണിക് കന്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്ന് 1,10,000 മുതൽ 1,30,000 രൂപ വരെയാണ് വാങ്ങിയാണ് ഇവരെ ക്വലാലംപൂരിൽ എത്തിച്ചത്. പലരും സ്വർണം പണയംവച്ചും പലിശക്കാരിൽനിന്നു കടം വാങ്ങിയുമാണ് വീസയ്ക്കുള്ള പണം സ്വരൂപിച്ചിരുന്നത്. മാർച്ച് 27-നായിരുന്നു ഇവർ മലേഷ്യയിലേക്കു തിരിച്ചത്. 15 ദിവസത്തെ സന്ദർശക വീസ നല്‍കിയാണ് ഇവരെ കബളിപ്പിച്ചത്.