നാളെ മുതല്‍ സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കും

1

സൗദി സ്ത്രീകള്‍ നാളെ മുതല്‍ മുന്നിലെ ഡ്രൈവിംഗ് സീറ്റിലേക്ക്. ആറു പതിറ്റാണ്ട് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ വീണ്ടും സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നത്. സ്ത്രീകള്‍ക്ക് നില നിന്നിരുന്നു ഡ്രൈവിംഗ് നിരോധനം എടുത്തുകളയുന്നത് നാളെ മുതല്‍ നിലവില്‍ വരും. ​വീട്ടിലെ സ്ത്രീകള്‍ക്ക് മാത്രം പുറത്തുപോകാന്‍ ഡ്രൈവറെ ജോലിക്കെടുക്കുന്ന പതിവ് രീതി മാറി സ്ത്രീകള്‍ തനിച്ച് ഡ്രൈവ് ചെയ്ത് പുറത്തു പോകുന്ന രീതി വന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകും. 

നിരോധനം ഇല്ലാതാകുന്നതോടെ 15.1 ദശലക്ഷം സ്ത്രീകളാണ് സ്റ്റീയറിംഗ് വീലിന് പിന്നിലേക്ക് എത്തുക എന്നാണ് നിഗമനം. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി റിയാദിൽ കാർ വിപണി പൊടിപൊടികയാണ്. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത് എന്ന്​ കാർ ഷോറൂം അധികൃതർ പറയുന്നു. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. 

നിലവില്‍ സൗദിഅറേബ്യയില്‍ കാര്‍ വ്യവസായം പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം 536,767 വാഹനങ്ങളാണ് വില്‍പ്പന നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം കുറവ് വന്നതായിട്ടാണ് വിലയിരുത്തല്‍. എണ്ണവ്യവസായം ദുര്‍ബ്ബലമായതോടെ സൗദിയുടെ ജിഡിപിയിലും കഴിഞ്ഞ വര്‍ഷം 0.5 ശതമാനം കുറവ് വന്നിരിക്കുകയാണ്. 1957 മുതല്‍ നില നിന്ന നിരോധനം ജൂണ്‍ 24 നാണ് മാറുന്നത്. അതേസമയം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന ഉത്തരവ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ചിരുന്നു. പുതിയ മാറ്റങ്ങള്‍ സൗദിയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

വാഹനമോടിക്കാൻ വനിതകൾക്ക്​ അനുമതി നൽകി സൽമാൻ രാജാവ്​ ചരിത്ര വിഞ്ജാപനം പുറപ്പെടുവിച്ചതുമുതൽ സൗദിയിലെ കാർഷോറൂമുകൾ ഉണർവിലാണ്​. മാസങ്ങൾക്ക്​ മുമ്പ്​ തന്നെ ഷോറൂമുകളിൽ വനിതാസാന്നിധ്യം പ്രകടമായിത്തുടങ്ങിയിരുന്നു. 

2020 ഓടെ സൗദിയില്‍ 30 ലക്ഷം സ്ത്രീകള്‍ വാഹനം ഓടിക്കുമെന്നാണ് അക്കൗണ്ടന്‍സി സ്ഥാപനമായ പിഡബ്‌ള്യൂസി പ്രവചിക്കുന്നത്. നിലവില്‍ ഡ്രൈവിംഗ് പരിശീലനത്തിനുള്ള സ്ഥാപനങ്ങളില്‍ പതിനായിരങ്ങളാണ് എത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി ലഭ്യമാകുന്നതോടെ സൗദി സമ്പദ്‌വ്യവസ്ഥയ്ക്കും കാര്‍ വ്യവസായത്തിനും ഗുണകരമാകും.