ചെറിയ കാര്യങ്ങള്‍ക്ക് പോലും ജീവിതം വെറുത്തെന്നും മടുത്തുവെന്നുമെല്ലാം പരാതി പറയുന്നവര്‍ പാലാരിവട്ടത്തു വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ ഒന്ന് കേള്‍ക്കണം. ഈ പെണ്‍കുട്ടിയുടെ പേര് ഹനാൻ. തൃശ്ശൂർ സ്വദേശിനി.
തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. എന്നാല്‍ ഹനാന്‍ തന്റെ പഠനത്തിനും വീട്ടുചിലവുകള്‍ക്കും പണം കണ്ടെത്തുന്നത് മത്സ്യകച്ചവടം നടത്തിയാണ്. മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. പിതാവ് ഉപേക്ഷിച്ചു പോകുകയും അമ്മ മാനസികമായി തകര്‍ന്നു പോകുകയും ചെയ്ത ഒരു പ്രതിസന്ധിഘട്ടത്തില്‍ അതിജീവനത്തിനു ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ഇതുമാത്രമായിരുന്നു വഴി.
പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. പിന്നെ 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളേജിലേക്ക്. മൂന്നു മണിക്ക് കോളേജ് വിട്ടാല്‍ പിന്നെ ഹനാന് നില്‍ക്കാന്‍ നേരമുണ്ടാകില്ല. എത്രയും നേരത്തെ കൊച്ചിയില്‍ എത്തുന്നുവോ അത്രയും പെട്ടന്ന് കച്ചവടം തുടങ്ങണം.
പഠിക്കാന്‍ മിടുക്കിയായ ഹനാന് ഒരു ഡോക്ടരാകണം എന്നായിരുന്നു മോഹം. സാമ്പത്തികപരാധീനതകള്‍ ഒന്നിനും അനുവദിച്ചില്ല. പിന്നെ കുറച്ചു കാലം കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.
ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുകളുമെല്ലാം ഈ വരുമാനത്തില്‍ നിന്നാണ് ഹനാന്‍ നല്‍കുന്നത്. ഏകസഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു.