കനത്ത മഴയെ തുടര്‍ന്ന് 26 വര്‍ഷങ്ങള്‍ക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നു. ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ പ്രത്യേക ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം. 12.30 മണിയോടെ അഞ്ചു ഷട്ടറുകളില്‍ നടുവിലത്തെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററോളമാണ് ഉയര്‍ത്തിയത്. നാലു മണിക്കൂറാണ് തുറന്നുവെയ്ക്കുക. ചരിത്രത്തില്‍ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ചെറുതോണി ഡാം തുറക്കുന്നത്.
പെരിയാറിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡാമില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കുകൂട്ടിയാണ് അപ്രതീക്ഷിതമായി ഷട്ടര്‍ തുറന്നത്. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. കഴിഞ്ഞദിവസം ഉടനീളം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഇന്ന് ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 2399 അടിയിലേക്ക് ഉച്ചയോടെ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
ഇന്ന് രാവിലെ മഴക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനം എടുത്തത്. ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോകുക. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളിലെ തടസ്സങ്ങള്‍ നീക്കുന്ന ജോലികള്‍ നേരത്തേ തന്നെ നടപ്പാക്കിയിരുന്നു. പെരിയാര്‍ തീരത്തെ ജനങ്ങളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളും നടത്തിയിരുന്നു. പുഴയില്‍ ഇറങ്ങി മീന്‍പിടിക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനമുണ്ട്.