സച്ചിനും ഭവ്യയും ആദ്യമായി കണ്ടുമുട്ടുന്നത് കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ്. വൈകാതെ ആ സൗഹൃദം പ്രണയമായി വളര്‍ന്നു. പഠനത്തിനു ശേഷം വിവാഹിതരാകണം. ഒരു ജോലി സമ്പാദിക്കണം സന്തോഷമായി ജീവിക്കണം. ഇങ്ങനെയൊക്കെ ചെറിയ ചെറിയ മോഹങ്ങളുമായാണ് പിന്നെയവര്‍ ജീവിച്ചത്. പക്ഷെ വിധി അവര്‍ക്കായി കാത്തുവെച്ചത് മറ്റൊന്നും.
നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചപ്പോള്‍ ഇരുവരും ഏറെ സന്തോഷിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. അതിനിടെയാണ് ഭവ്യക്ക് അസഹ്യമായ പുറംവേദനയുണ്ടായത്. വിശദപരിശോധനയ്ക്ക് ഒടുവില്‍ കാന്‍സറാണെന്നു കണ്ടെത്തി. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏകവരുമാനം.
ഇതോടെ ഭവ്യയെ സഹായിക്കാന്‍ പഠനം നിറുത്തി സച്ചിന് കൂലിപ്പണിയ്ക്കിറങ്ങി. ഭവ്യയ്ക്ക് സഹായവുമായി നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം രംഗത്ത് വന്നു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹനിശ്ചയം നടത്തി. ‘അന്ന് ആത്മവിശ്വാസം നല്കാന് തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു എന്നാണ് സച്ചിന് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടാമത്തെ കീമോ ചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ സച്ചിന് ഭവ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
. മലപ്പുറം പൂളപ്പാടി സ്വദേശി സച്ചിന്റെയും കരുളായി സ്വദേശിനി ഭവ്യയുടെയും ‘ക്യാന്‍സറിനെ തോല്‍പ്പിച്ച പ്രണയം’ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ചതിയുടെയും വഞ്ചനയുടെയും ലോകത്ത് പ്രേമിച്ച പെണ്ണിന് ക്യാൻസറാണന്നറിഞ്ഞിട്ടും ഓളെ സ്വന്തമാക്കിയ ആണൊരുത്തൻ എന്ന് തന്നെയാണ് സച്ചിനെ എല്ലാവരും ഇപ്പോള്‍ പുകഴ്ത്തുന്നത്. അത് ശരിയാണ് എന്ന് സമ്മതിക്കുകയും വേണം.