മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടന്‍ അലര്‍സിയര്‍ ലേക്കെതിരെ ആരോപണം ഉന്നയിച്ച അഭിനേത്രി പേര് വെളിപ്പെടുത്തി രംഗത്ത്. കമ്മട്ടിപ്പാടം, ആഭാസം തുടങ്ങിയ ചിത്രങ്ങളിലും ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിലൂടെയും ശ്രദ്ധേയായ ദിവ്യ ഗോപിനാഥ് ആണ് ഫേസ്ബുക്കിലൂടെ അലന്‍സിയര്‍ക്കെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നോട് മാത്രമല്ല, നിരവധി സ്ത്രീകളോടും അലന്‍സിയര്‍ അതിക്രമം കാട്ടിയിട്ടുണ്ടെന്നും ദിവ്യ പറയുന്നുണ്ട്.
താന്‍ മാത്രമല്ല അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. പലരോടും അലന്‍സിയര്‍ മോശമായി പെരുമാറിയതിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ സംഭവങ്ങള്‍ തുറന്ന് പറഞ്ഞത്. സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷനെ സമീപിച്ചെന്നും ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്നതടക്കമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി.
കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ല. മഞ്ജുവാര്യരും, വിമന്‍ സിനിമ കലക്ടീവിന്റെ ഭാഗമായ നടിമാരും ഉള്‍പ്പെടെ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ കെ.എന്‍.ഗോപിനാഥിന്റെ മകളായ ദിവ്യ ഗോപിനാഥ് പറഞ്ഞു.
തന്നോട് അപമര്യാദയായി പെരുമാറിയ ശേഷം അത് മറ്റൊരു രീതിയില്‍ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് അലന്‍സിയറിനെതിരെ പരസ്യമായി രംഗത്ത് വരേണ്ട സാഹചര്യം രൂപപ്പെട്ടതെന്നാണ് ദിവ്യ പറയുന്നത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍, താനൊരു തുടക്കക്കാരിയാണെന്നും സ്വയം ഇടം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും ആമുഖമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു നടന്‍ അലന്‍സിയര്‍ ഒരു സിനിമ സെറ്റില്‍ വെച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച വിവരം ദിവ്യ വെളിപ്പെടുത്തിയിരുന്നത്.
തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കംമുതല്‍ തന്നെ സമീപിച്ചത്. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ അലന്‍സിയര്‍ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായിരുന്നു പിന്നീടെന്നും ദിവ്യ പറഞ്ഞിരുന്നു.