ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സൗദി കനത്ത സമ്മര്‍ദ്ദത്തില്‍

0

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി കനത്ത സമ്മര്‍ദ്ദത്തില്‍. ഖഷോഗിയുടെ കൊലപാതകത്തിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിക്കും ഇവരെ പിന്തുണയ്ക്കുന്ന അമേരിക്കയും കനത്ത സമ്മര്‍ദ്ദത്തിലായി.  തുര്‍ക്കിയിലെ സൗദി കോണ്‍ുലേറ്റില്‍വെച്ചാണ് അതിക്രൂരമായി കൊലപാതകം നടന്നത്.

ഈ മാസം രണ്ടാം തീയതിയാണ് ജമാല്‍ ഖഷോഗിയെ ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. കാണാതായത് മുതല്‍ സൗദിക്ക് നേരെ സംശയമുനനീണ്ടിരുന്നു. തുര്‍ക്കി ഇക്കാര്യത്തില്‍ നിലപാട് കടുപ്പിക്കുകയും ഖഷോഗിയെ കാണാതായത് സൗദി കോണ്‍സുലേറ്റില്‍ വെച്ച് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതല്ലെന്ന് തെളിയിക്കാന്‍ സൗദിയോട് തെളിവുകള്‍ ആവശ്യപ്പെട്ടതും സൗദിയെ പ്രതിരോധത്തിലാക്കി. 

ഖഷോഗിയെ വധിക്കുന്നതിനായി പതിനഞ്ചംഗ സംഘം റിയാദില്‍ നിന്ന് ഇസ്താംബുളില്‍ എത്തിയിരുന്നുവെന്നാണ് വിവരം. ക്രൂരമായ പീഡനങ്ങള്‍ക്കു പിന്നാലെ ഖഷോഗിയുടെ കൈവിരലുകള്‍ ഓരോന്നായി വെട്ടിമാറ്റുകയും, മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് തലയറുത്തു മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദേഹത്തിന്റെ പ്രതിശ്രുത വധു ഹേറ്റിസ് സെന്‍ഡിസിന് കൊലപാതകസമയത്തെ ശബ്ദരേഖ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 
19ന് ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി ഭരണകൂടം സ്ഥിരീകരിക്കുകയായിരുന്നു. ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെയാണ് ഖഷോഗിയുടെ മരണവിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവിയടക്കം രണ്ടുപേരെ സൗദി പുറത്താക്കി കൈകഴുകിയെങ്കിലും ഇക്കാര്യത്തില്‍ സൗദിക്ക് മേലുള്ള കുരുക്ക് ഇതുവരെ അഴിഞ്ഞിട്ടില്ല.