കോഴി ഇല്ലാത്ത കോഴിക്കാൽ

0

കുട്ടിക്കാലം മുതൽക്കേ നാവിൻതുമ്പിൽ വെള്ളമൂറുന്നതാണ് മലബാറിന്‍റെ ഭക്ഷണ മാഹാത്മ്യം ഓട്ട്പത്തിരി, സുലൈമാനി, മുട്ടമാല, കായ്പോള, ബിരിയാണി അങ്ങനെ മലബാറിനു മാത്രം സ്വന്തമായ ഒട്ടനവധി രുചിക്കൂട്ടുകൾ ഉണ്ട് പ്രത്യേകിച്ച് തലശ്ശേരികാർക്ക്. തലശ്ശേരിയിലെ പലഹാരങ്ങളുടെ രുചിയിൽ മാത്രമല്ല പേരിലുമുണ്ട് വ്യത്യസ്തത. കൊച്ചിയിലോ തിരുവനന്തപുരത്തോ പോയി ഏതെങ്കിലും ഹോട്ടലിൽ കയറി ചേട്ടാ ഒരു കോഴിക്കാല് എന്ന് ഓർഡർ ഇട്ടാൽ, ആവിപറക്കുന്ന നല്ല പൊരിച്ച കോഴിയുടെ കാൽ മുമ്പിലെത്തും എന്നാൽ തലശ്ശേരിയിൽ പോയാൽ ഈ സ്ഥിതിവിശേഷം പാടേ മാറും ഇവിടെ കോഴിക്കാൽ എന്നുപറഞ്ഞാൽ രണ്ടുവിധമുണ്ട് കോഴി ഇല്ലാത്തതും, കോഴി ഉള്ളതും.
ഇവിടുത്തുകാരുടെ നാലുമണിപലഹാരം ആണ് കോഴിക്കാൽ. കപ്പ കൊണ്ടുള്ള പ്രത്യേക പലഹാരമാണിത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ഏറെ രുചികരവുമായ ഈ പലഹാരം രുചിച്ചു നോക്കാത്തവർ തലശ്ശേരിയിൽ ഉണ്ടാവില്ല. തലശ്ശേരിയിലെ റെയിൽവേസ്റ്റേഷൻ, ബസ്റ്റാൻഡ് പരിസരത്തും പാറാൽ ഭാഗങ്ങളിലുമായി നിരവധി കടകളിൽ വൈകുന്നേരമായി കഴിഞ്ഞാൽ കോഴിക്കാലാണു രാജാവ്.

എരുവൂറുന്ന രസക്കൂട്ട്

1. കപ്പ അരക്കിലോ
2. മൈദ 4 ടേബിൾസ്പൂൺ
3. അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ
4. പച്ചമുളക്-3 എണ്ണം ചെറുതായി അരിഞ്ഞത്
5. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് അര ടീസ്പൂൺ
6.  മഞ്ഞൾപൊടി-അര ടീസ്പൂൺ
7. കാശ്മീരി ചില്ലി ഒരു ടീസ്പൂൺ
8. ഗരംമസാല അരടീസ്പൂൺ
9. കായം-ഒരു നുള്ള് 
10. ഉപ്പ് ആവശ്യത്തിന് 
11. എണ്ണ വറുക്കാൻ ഉള്ളത്
12. കറിവേപ്പില ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം
കപ്പ തൊലികളഞ്ഞ് വൃത്തിയായി അരികുകൾ വൃത്തിയാക്കി നീളത്തിലല്‍ നേർമയായി അരിഞ്ഞെടുക്കുക. ലേക്ക് ആവശ്യമായ ചേരുവകളെല്ലാം കൃത്യമായ അളവിൽ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് 10 മിനുട്ട് വെക്കുക. ശേഷം മൈദയും അരിപ്പൊടിയും വെള്ളവും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക. തിനുശേഷം കുറേശെയായി എടുത്ത് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ കോഴിക്കാൽ റെഡി.

കഴിക്കുംന്തോറും നാവിൻതുമ്പിലെ രുചി വീണ്ടും വീണ്ടും കൂടുന്നതാണ് തലശ്ശേരിയിലെ പലഹാരങ്ങളുടെ പ്രത്യേകത. ഇളം കാറ്റ് വീശുന്ന വൈകുന്നേരങ്ങളിൽ, നല്ല ചൂടൻ കോഴിക്കാലും, മുഹബത്തിന് സുലൈമാനിയും കഴിക്കാത്തവർ ഉണ്ടെങ്കിൽ തലശ്ശേരിയിലേക്ക് ഒരു യാത്രയാവാം…. ഇവിടെ പലഹാരങ്ങളുടെ ഒരു പെരുമഴ തന്നെ നിങ്ങളെ കാത്തിരിപ്പുണ്ട്.