ടൂറിസത്തിന് വളരെ അധികം സാധ്യതകളുള്ള ഒരിടമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. തലയിൽ തുളസി കതിർ ചൂടിനിൽക്കുന്ന ഒരു നടൻ പെണ്ണിന്റെ നിഷ്കളങ്കതയുണ്ട് കേരളത്തിനും അവിടത്തെ കാഴ്ചകൾക്കും. എന്നാൽ കാഴ്ച്ചയുടെ പൂക്കാലം തീർക്കുന്ന കേരളത്തിലെ പലയിടങ്ങളും ഇന്ന് വേണ്ടരീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല. വടക്കൻ പാട്ടിന്റെയും വീരൻമാരുടെയും നാടായ കടത്തനാട്ടിലെ മലബാറിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ സാൻഡ് ബാങ്ക്സ് ഇന്ന് വേണ്ടരീതിയിൽ ശ്രദ്ധിക്കപെടുന്നില്ല.
കുറ്റ്യാടി പുഴ മൂരാട് പുഴയായി ഒഴുകി പിന്നെ കോട്ടയ്ക്കൽ പുഴയായി കടലിൽ അലിഞ്ഞ് ചേരുന്ന അതുല്യ സംഗമതീരമാണ് സാൻഡ് ബാങ്ക്സ്. കടലിനോട് ചേർന്ന് നീളത്തിലുള്ള കരിങ്കൽ കെട്ടുകളും തീരത്തോട് ചേർന്ന് കിടക്കുന്ന ബിർളയുടെ പഴയ ബംഗ്ലാവും ദൂരെ ഒരുമിന്നായംപോലെകാണുന്ന വെള്ളിയാങ്കല്ലും അങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് സാൻഡ് ബാങ്ക്സിൽ. എന്നാൽ തകർന്ന് കിടക്കുന്ന പഴയ ബംഗ്ലാവും കാറ്റാടി മരങ്ങളും പ്ലാസ്റ്റിക് നിറഞ്ഞ കടൽത്തീരവും എല്ലാം ചേർന്ന് വളരെ ശോചനീയമായ അവസ്ഥയാണ് സാൻഡ് ബാങ്ക്സിൽ ഇപ്പോൾ.
സാൻഡ് ബാങ്കിന്റെ തൊട്ടടുത്താണ് കുഞ്ഞാലിമരക്കരുടെ ചരിത്രമുറങ്ങുന്ന നാടായ കോട്ടക്കലും, പുറങ്കര കടപ്പുറവുമെല്ലാം. കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വരുന്ന കൊളായി പാലം ബീച്ചും ഇവിടന്ന് തൊട്ടടുത്താണ്. പ്രകൃതി ഭംഗികൊണ്ടും ചരിത്രപ്രാധന്യം കൊണ്ടും വളരെയധികം പ്രത്യേകതകളുള്ളൊരിടമാണ് സാൻഡ് ബാങ്ക്സ് . എന്നാൽ ഇപ്പോൾ ഇവിടത്തെ കാഴ്ച വളരെയധികം ജീർണിച്ചതാണ്. സഞ്ചാരികൾക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യംപോലും ഇവിടെ കുറവാണ്. അഞ്ച് കോടി ചിലവിൽ വടകര പഴയ ദേശീയപാത മുതല്‍ ഒന്തം ഓവര്‍ബ്രിഡ്ജ് വഴി സാന്‍ബാങ്ക്സിലേക്കുള്ള 3.87 കിലോമീറ്റര്‍ റോഡ് റീ ടാര്‍ ചെയ്ത്. കോടികൾ ചിലവഴിച്ച് സാൻഡ് ബാങ്ക്സിന്റെ മുഖച്ഛായ മാറ്റി കടലും പുഴയും ചേരുന്ന ഇവിടത്തെ അസ്തമയ കാഴ്ചകൾ കാണാൻ സഞ്ചാരികളെ ആകർഷിക്കുംവിധം കടലിനഭിമുഖമായി ഇരിപ്പിടങ്ങളും സോളാർ വിളക്കുകളും കുട്ടികൾക്കായുള്ള പാർക്കും നിർമിച്ചിരുന്നുവെങ്കിലും ഇവയൊന്നും വേണ്ടരീതിയിൽ സംരക്ഷിക്കാൻ ടൂറിസം അധികാരികൾക്ക് സാധിച്ചില്ല.
മൂരാടിനെയും, സർഗാലയയെയും,കോട്ടക്കലിനെയും സാൻഡ് ബാങ്ക്സിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ലിങ്ക് ഉണ്ടാക്കാനും ഇതുവഴി ബോട്ട് സർവ്വീസ് നടത്താനും പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും നടപ്പായില്ല. ഇത്തരം ഒരു ലിങ്ക് സാധ്യമായിരുന്നെങ്കിൽ വടകരയുടെ മുഖച്ഛായതന്നെ മാറിയേനെ. കളരിയുടെ ഈറ്റില്ലമായ വടകര കേരളത്തിന് ഒട്ടനവധി ടൂറിസ്റ്റ് സാധ്യതകൾ നൽകുന്ന ഒരിടമാണ്. കാഴ്ചയുടെ വസന്തം തീർക്കേണ്ട ഇവിടം ഇങ്ങനെ ജീർണ്ണതയിൽ വീണുപോകേണ്ട ഒന്നല്ല. മറിച്ച് കേരളത്തിന്റെ സഞ്ചാര പഥങ്ങളിൽ എന്നും പ്രതിഷ്ഠിക്കപ്പെടേണ്ടതാണ് ഈ നാടും അതിന്റെ ചരിത്രവും.