സിഡ്നി: ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യൻ ടീം. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ 72 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി.
സിഡ്നി ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ ഏഴിന് 622 ഡിക്ലയേഡ് എന്ന സ്കോറിനെതിരേ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് 300ൽ അവസാനിച്ചിരുന്നു. 31 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓണ്‍ വഴങ്ങേണ്ടിവന്ന നാണക്കേടിലായിരുന്നു ഓസീസ് ടീം. മഴയും കാലാവസ്ഥയും പ്രതികൂലമായി നിന്നതുകൊണ്ട് തങ്ങളുടെ വിജയ സാധ്യത തകിടം മറിച്ചത് ഇന്ത്യൻ ടീമിനു പരമ്പരയിൽ നിരാശയേകി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. നാലു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും പൂജാര നേരിട്ടു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്.