മകരവിളക്കിനും സംക്രമ പൂജയ്ക്കുമായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നതു കാണാൻ ശബരി സന്നിധാനത്ത് ഭക്തരുടെ പർണ്ണശാലകൾ ഉയർന്നുകഴിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുന്നിൽ നടക്കുന്ന ദീപാരാധനയ്ക്കൊപ്പം പൊന്നമ്പല മേട്ടിൽ തെളിയുന്ന ജ്യോതിയുടെ നിർവൃതിയും പിന്നാലെ മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ടാണ് അയ്യപ്പഭക്തർ കാത്തിരിക്കുന്നത്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും.
മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയുംഅഭിഷേകവുംനടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്നു തിരുവാഭരണങ്ങൾ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തിക്കും. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിക്കും. ശ്രീകോവിലിനു മുന്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് നട അടച്ച് തിരുവാഭരണങ്ങൾ അണിയിച്ച് നട തുറക്കും.സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഡിജിപി അനന്തകൃഷ്ണനും ജില്ല കളക്റ്റർ പി.ബി നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഹിൽടോപ്പിൽ നിന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം.