സിനിമ ലോകത്തെ കച്ചവട മത്സരങ്ങൾക്കിടയിൽ വീണു പോവാത്ത വേറിട്ട ചിന്തകളുള്ള ചുവന്ന മനസുള്ള കലാകാരൻ അതായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന പ്രതിഭ… ഒന്ന് കൂടി ഊന്നി പറഞ്ഞാൽ കലാമൂല്യമുള്ള സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യുകയുള്ളൂവെന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകൻ. സംവിധാന മികവുകൊണ്ട് എന്നും മലയാള സിനിമയിൽ വേറിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് ലെനിന്‍റേത്.
1953 ല്‍ നെയ്യാറ്റിൻകരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത് എം.വേലുക്കുട്ടി–ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിൻ എന്ന പ്രതിഭ പിറന്നു വീണത്. പഠനകാലം മുതൽക്കേ ഇടതു പക്ഷ സഹയാത്രികനായ ലെനിൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം കെ.എസ്.എഫ്.ഇ.യിൽ ജോലിയിൽ പ്രവേശിച്ചു. എറണാകുളത്ത് ഫിനാൻഷ്യൽ എന്‍റെർ പ്രൈസസിൽ ജോലി ചെയ്യവെയാണ് പി.എ.ബക്കറെ പരിചയപ്പെട്ടത്. ആ കൂടിക്കാഴ്ചയിലൂടെ ലെനിനു സിനിമയിലേക്കുള്ള വഴി തുറന്നു. ബക്കറിന്‍റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. ഉണർത്തുപാട്ട് എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു.
1981-ൽ പുറത്തിറങ്ങിയ ‘വേനലാ’ണ് ആദ്യം സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രം. അവിടന്നങ്ങോട്ട് പിന്നെ നാം കണ്ടത് പകരം വെക്കാനാവാത്ത ലെനിന്‍റെ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആർട്ട് സിനിമകളാണ് അദ്ദേഹം കൂടുതലായി സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും ആർട് സിനിമകളുടെ തനതു ശൈലിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇദ്ദേഹത്തിന്‍റെ സിനിമകൾ. നിരൂപക ചർച്ചകളിൽ ഒരുപാട് കീറി മുറിക്ക പെടാത്ത സിനിമകളായിരുന്നു ലെനിന്‍റേത്. ബോക്സ് ഓഫീസിൽ ഹിറ്റ് കളുടെ പെരുമഴ സൃഷ്ടിക്കാനോ 100 കോടി ക്ലബ്ബിൽ ഇടം നേടാനോ കഴിഞ്ഞില്ലെങ്കിലും തീരെ ചെറുതല്ലാത്ത ഒരു ആസ്വാദകവൃന്ദം ലെനിനൊപ്പവുമുണ്ട്.
പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു സാധാരണക്കാരന്‍റെ സിനിമ സംവിധാന മോഹങ്ങൾക്കുണ്ടാകാവുന്ന സമൂഹത്തിലെ എല്ലാ അവസ്ഥയോടും പൊരുതി തന്നെയാണ് ലെനിൻ മലയാളസിനിമയിൽ തന്‍റേതായ ഒരു പാത സൃഷ്ട്ടിച്ചത്. നെടുമുടി വേണു ജലജ സുകുമാരൻ താരജോഡികൾ അണിനിരന്ന വേനൽ എന്ന ആദ്യ ചിത്രം വൻ വിജയമായിരുന്നു ശേഷം വന്ന ചില്ലും കേരളക്കരയിലെ ആസ്വാദകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. കയ്യൂർ, കരിവെള്ളൂർ വിപ്ലവ സമരങ്ങളെ ആധാരമാക്കി ഒരുക്കിയ മീനമാസത്തിലെ സൂര്യൻ എന്ന സിനിമയിലൂടെ തന്റെ രാഷ്ട്രീയ പക്ഷം സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. സംഗീതജ്ഞനായ സ്വാതി തിരുനാളിനെക്കുറിച്ചുള്ള ചിത്രത്തിലും കുലത്തിലും തിരുവിതാംകൂർ ചരിത്രവും മിത്തും തന്നെയായിരുന്നു പ്രമേയം.
അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ദൈവത്തിന്റെ വികൃതികൾ എം.മുകുന്ദന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം. 2000 പുറത്തിറങ്ങിയ മഴ മാധവിക്കുട്ടിയുടെ നഷ്ട്ടപെട്ട നീലാംബരിയെ ആസ്‌പദമാക്കിയായിരുന്നു.‘ദൈവത്തിന്റെ വികൃതികളും’ ‘മഴ’യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെ പി എസി യുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍.
‘ഒരു വട്ടം കൂടി..’, ‘പോക്കുവെയിൽ പൊന്നുരുകി’, ‘ചൈത്രം ചായം ചാലിച്ചു, നീ തന്നെ ജീവിതം നീ തന്നെ മരണവും,അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഈ പാട്ടുകളൊക്കെയും ലെനിന്‍ റെസിനിമയിലെ നഷ്ട്ട പ്രണയവും ഗൃഹാതുരുത്വവും വിളിച്ചറിയിക്കുന്നവയാണ്…മലയാളികൾക്ക് എന്നും ഓർക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച കലായവനികയ്ക്കുള്ളിലെ ഒരോർമ്മ പുസ്തകമായി ലെനിൻ എന്ന പ്രതിഭ വിടപറയുമ്പോഴും സ്വന്തം സൃഷ്ടികളിലൂടെ ലെനിൻ വീണ്ടും പുനർജ്ജനിക്കുന്നു.