ലണ്ടൻ: റിപ്പബ്ലിക് ദിനത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ ബ്രിട്ടനിലെ സിഖ്, കശ്മീരി സംഘടനകൾ നടത്തിയ പ്രകടനത്തിനിടെ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തിൽ ബ്രിട്ടീഷ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ ഇവർ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ മുദ്രാവാക്യം മുഴക്കുകയും പതാക കത്തിക്കുകയും ചെയ്തിരുന്നു.
ഇത്തരമൊരു സംഭവമുണ്ടായതിൽ ഖേദിക്കുന്നു എന്നും. റിപ്പബ്ലിക് ദിനാഘോഷവേളയിൽ ഇന്ത്യയ്ക്ക് എല്ലാ ആശംസകളും അറിയിക്കുകയാന്നെന്നും ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ആഗോളശക്തികളുമായി ബ്രിട്ടൻ കൂടുതൽ മെച്ചപ്പെട്ട ബന്ധമാഗ്രഹിക്കുന്നുവെന്നും ബ്രിട്ടന്റെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്‍കോട്ട്‌ലാൻഡ് യാർഡ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ പ്രതിഷേധം നടക്കുന്നുവെന്ന വിവരം ലണ്ടൻ പോലീസ് നേരത്തേ അറിഞ്ഞിരുന്നുവെന്ന് ഇന്ത്യൻ അധികൃതർ ആരോപിച്ചു.