ന്യൂ ഡൽഹി: വടകര സീറ്റിനെ ചൊല്ലിയുള്ള ആശങ്കകൾക്ക് ഇനി വിരാമമിടാം. വടകരയിൽ കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയാവും. തര്‍ക്കത്തില്‍ ഇടപെട്ട് മുസ്ലിം ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയതിനു പിന്നാലെയാണ് നിര്‍ണ്ണായക തീരുമാനം. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റിൽ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന് വിട്ടിരുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ – ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കമാന്റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്.
സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന് സമ്മതിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് മുരളീധരൻ.
കേരളത്തിൽ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയപ്പോള്‍ വടകര, വയനാട്, ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഈ നാലിടത്തും സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം പട്ടിക നിര്‍ണയത്തിന്റെ തുടക്കം മുതല്‍ നേരിട്ടിരുന്നു. തർക്കം തീർക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും എ ഐ ഗ്രൂപ്പ് തര്‍ക്കം തുറന്ന പോരിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ജയരാജനെ നേരിടാൻ ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന ആവിശ്യം കടുത്തതോടെയാണ് വടകരയിൽ സ്ഥാനാര്‍ഥിയാകണമെന്ന് മുല്ലപ്പള്ളിയോട് എ ഐ സിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ മറുപടി. വടകരയില്‍ മല്‍സരിക്കാന്‍ കെപിസിസി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. എന്നാൽ മല്‍സരിക്കാനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി രാമചന്ദ്രന് ഉറച്ചുനിന്നതോടെയാണ് മുരളീധരന്റെ പേര് നേതൃത്വം പരിഗണിച്ചത്.