അച്ഛനമ്മമാർ തമ്മിലുള്ള വഴക്കിൽ പലപ്പോഴും മക്കൾ മൂകസാക്ഷികളാകാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മുഷ്താക്ക് എന്ന എട്ട് വയസുകാരൻ സമൂഹത്തിന് മാതൃകയാവുകയാണ്. ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിൽ താമസിക്കുന്ന ഈ എട്ട് വയസുകാരൻ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ടി ഓടിയത് ഒന്നര കിലോമീറ്ററോളമാണ്.
കാലങ്ങളായി തന്റെ അമ്മയെ അച്ഛൻ തല്ലുന്നത് കണ്ട് സഹിക്കവയ്യാതെ കുട്ടി ഇത്തവണ അച്ഛനെതിരെ പരാതിയുമായി ഓടിയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേയ്ക്കാണ്. കുട്ടിയുടെ പരാതിയെ തുടർന്ന് പോലീസുകാർ സംഭവസ്ഥലത്ത് എത്തുകയും കുട്ടിയുടെ പരാതിയിൽ കഴമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഇവർ പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യു പി പൊലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.