അവധിക്കാലമാഘോഷമാക്കി ഇന്ത്യ ചുറ്റിക്കാണാം… ഭാരത് ദർശനിലൂടെ, വെറും 10,000 രൂപയ്ക്ക്

0

കൊച്ചി: അവധിക്കാലം അടിച്ചു പൊളിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ… ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) അവതരിപ്പിക്കുന്നു ഒരു അടിപൊളി ടൂറിസ്സം പദ്ധതി. ഇനി യാത്ര തുടങ്ങുന്പോൾ എല്ലാവർക്കും ഒരാശങ്ക കാണും. എവിടെ താമസിക്കും, എവിടുന്ന് ഭക്ഷണം കഴിക്കും, ഇവയ്ക്കെല്ലാം അനുയോജ്യമായ സ്ഥലങ്ങൾ എവിടെയാണ് തുടങ്ങിയ പ്രശ്നങ്ങൾ എന്നാൽ, ഈ പദ്ധതിയുടെ കീഴിൽ യാത്ര ചെയ്യുന്പോൾ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല. കാരണം, ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ എന്ന പേരിൽ ഐ.ആർ.സി.ടി.സി ഒരുക്കുന്ന ടൂറിസ്സം പദ്ധതിയിൽ വെറും 10,395 രൂപയ്ക്ക് യാത്രയും താമസവും ഭക്ഷണവുമുൾപ്പടെയുള്ള 11 ദിവസത്തെ യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പാക്കേജിൽ ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡൊർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കുവാൻ വാഹന സൗകര്യം, ടൂർ എസ്കോർട്ട്, ട്രെയിൻ കോച്ചുകളിൽ സെക്യൂരിറ്റി എന്നിവയുൾപ്പെടുന്നു. മെയ് 20ന് മധുരയിൽ നിന്നും പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ ഗോവ ഹൈദരബാദ്, പുരി, കൊണാർക്ക്, കൊൽക്കത്ത എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മെയ് 31ന് മടങ്ങിയെത്തും.ഈ ട്രെയിനിൽ പാക്കേജ് യാത്രക്കാർ മാത്രമേ ഉണ്ടാകൂ എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. മറ്റ് യാത്രികർ ട്രെയിനിലുണ്ടാവില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്പെഷ്യൽ ട്രെയിന് സ്റ്റോപ്പുണ്ട്.

തിരുപ്പതി പാക്കേജ് 6,665 രൂപ. തരുപ്പതി ബാലാജി ദർശൻ കോച്ച് ടൂർ മെയ് 16ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രം, ശ്രീ കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂർ ശ്രീ പദ്മാവതി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിച്ച് 19ന് മടങ്ങിയെത്തും. ടിക്കറ്റ്, താമസം, വാഹനം, തിരുമല ശീഘ്ര ദർശൻ ടിക്കറ്റ്, ടൂർ മാനേജർ തുടങ്ങിയവ ഉൾപ്പടെയാണ് റേറ്റ്.

തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. സിംഗപ്പൂർ – മലേഷ്യ ഗ്രൂപ്പ് ടൂർ കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ജൂൺ 22ന് പുറപ്പെട്ട് 27ന് തിരികെയെത്തുന്ന പാക്കേജിലൂടെ ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ സിറ്റി ടൂർ, സിംഗപ്പൂർ ഫ്ളൈയർ, സെൻറോസ ദ്വീപ്, ജുറോംഗ് ബേർഡ് പാർക്ക്, ക്വാലാലംപൂർ സിറ്റി ടൂർ, പെട്രോണസ് ടവർ, ജെൻറിങ്ങ് ഹൈലൻഡ്സ് , ബാട്ടു ഗുഹകൾ, പുത്രജയ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. വിമാനടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസ സൗകര്യം, എ.സി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ ഗൈഡ്, വിസ, ഇൻഷൂറൻസ് എന്നിവ റേറ്റിൽ ഉൾപ്പെടുന്നു.

കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :- ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആന്‍റ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം:(9567863245), എറണാകുളം (9567863242/41), കോഴിക്കോട് (9746743047).