തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ തൃശൂർ പൂരത്തലേന്ന് എഴുന്നളളിക്കാൻ അനുവദിക്കമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു.ഈ വിഷയത്തിൽ കലക്ടർ അധ്യക്ഷനായ, ഡിഎഫ്ഒയും ഡോക്ടർമാരും ഉൾപ്പെട്ട നാട്ടാന പരിപാലന നിരീക്ഷണക്കമ്മറ്റിക്കാണ് വിദഗ്ധ അഭിപ്രായം ഉള്ളത്, ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നൽകാനുള്ള സംവിധാനം ഇല്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
തൃശൂർ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
എഴുന്നെള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹർജിക്കാർക്കുള്ളത്. വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു.
ഹൈക്കോടതി തീരുമാനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാരിനെ തീരുമാനമെടുക്കാന്‍നിശ്ചയിച്ച പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.