ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളും ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവർ കേരള തീരത്ത് കയറാതിരിക്കാൻ അതീവ ജാഗ്രത പുലർത്താനുമാണ് സന്ദേശം.
തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്റലിജന്‍സ് വിങ് തലവന്‍മാര്‍ക്കുമാണ് തീരദേശ പൊലീസ് സേന ആസ്ഥാനത്തുനിന്ന് ജാഗ്രതാ സന്ദേശം കൈമാറിയിരിക്കുന്നത്.കേരളതീരം സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബോട്ട് പട്രോളിങും കോസ്റ്റല്‍ ബീറ്റും ശക്തമാക്കണമെന്നും സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു.
ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ തമിഴ്‌നാട്, ബെംഗളൂരു, കശ്മീര്‍ എന്നിവിടങ്ങള്‍ക്കുപുറമേ കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് കേരളത്തില്‍നിന്ന് എന്തെങ്കിലും സഹായം ലഭിച്ചോ എന്നകാര്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.