സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം; മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ കർശന നിർദേശം

0

എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം.എറണാകുളം ആർ.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.

ടൗൺ, സിറ്റി സർവീസ് ബസുകളിൽ വാതിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് -മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും വാതിലുകൾ പിടിപ്പിക്കാതെയും ഇവ ബസിന്റെ ബോഡിയോടു ചേർത്ത് കെട്ടി വച്ചും സർവീസ് നടത്തിയാൽ ബസുടമകൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും നേരത്തെ കോടതി ഇടക്കാല ഉത്തരവു നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകൾക്ക് വാതിലുകൾ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോർഡർ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായി നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹരജി നൽകിയതെന്ന് എറണാകുളം ആർ.ടി.ഒ ജോജി. പി. ജോസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

മികച്ച സേവനത്തിന് 2014 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ടെന്നും ആർ.ടി.ഒ വ്യക്തമാക്കി. ഇക്കാര്യം പരിഗണിച്ച കോടതി സംഘടനയിലെ അംഗങ്ങൾക്ക് എത്ര ബസുണ്ടെന്ന് അറിയിക്കാൻ അസോസിയേഷനോടും നിർദേശിച്ചു. തുടർന്ന് ഹരജി ജൂൺ മൂന്നിന് പരിഗണിക്കാനായി മാറ്റി.