എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എ.പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ സംഭവത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നടക്കം ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി നടപടിയെടുത്തത്‌.

പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിവാദ പോസ്‌റ്റിനെ തുടർന്ന് അബ്‌ദുള്ളകുട്ടിയോട് കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ നൽകിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.മോദിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് അബ്ദുള്ളക്കുട്ടിയും നിലപാടെടുത്തിരുന്നു.

പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങൾക്കുമെതിരായി പ്രസ്‌താവനകളിറക്കിയും പ്രവർത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി കൊണ്ടുള്ള കോൺഗ്രസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിൽ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്‌താവന നടത്തുകയും ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നതായി എപി അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പുറത്തായാലും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമത്തിനോട് .പറഞ്ഞിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സമാന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അബ്ദുള്ളകുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായിരുന്നു. തുടന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.