ദുബായ് ∙ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർ സഈദ് ബലൂഷിക്ക് ജാമ്യം ലഭിച്ചു. നേരത്തെ ഇയാള്‍ക്ക് കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ജാമ്യം ലഭിച്ചതോടെ ഇയാളെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയച്ചു. ഈ വർഷം ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ വിചാരണ ആരംഭിക്കുംവരെയാണ് ജാമ്യ കാലാവധി.
പെരുന്നാൾ അവധി ദിനങ്ങളിൽ ഒമാൻ സന്ദർശിച്ച ശേഷം വരികയായിരുന്ന മുവസലാത്തിന്റെ ബസ് റോഡ് ബാരിയറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ ഭാഗത്തു നിന്നുള്ള പിഴയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് കോടതി ഏഴ് വർഷം തടവും രണ്ട് ലക്ഷം ദിർഹം ദിയാദനം നൽകാനും വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും.
ജാമ്യം ലഭിച്ചവിവരം ഡ്രൈവറുടെ അഭിഭാഷകന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേസില്‍ ഇയാള്‍ സമര്‍പ്പിച്ച അപ്പീലിന്മേല് സെപ്തംബറില്‍ വാദം നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് വിചാരണ നേരത്തെയാക്കി. ഇന്ന് വിചാരണയ്ക്കിടെ ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. ജാമ്യം നില്ക്കുന്ന മറ്റ് രണ്ടുപേരും കോടതിയില്‍ തങ്ങളുടെ പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.
ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും. മരണപ്പെട്ട 17 പേരില്‍ മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര് സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര് പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ (65) ചോനോകടവത്ത്, മകന് നബീല്‍ ഉമ്മര്‍ (25), തൃശ്ശൂര്‍ സ്വദേശി കിരണ്‍ ജോണ്‍, കോട്ടയം പാമ്പാടി, സ്വദേശി വിമല്‍ കുമാര്‍, രാജന് പുതിയ പുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.