കോട്ടയം; കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ടജീവപരന്ത്യം ശിക്ഷ നൽകാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികളും 40,000 രൂപ വീതം പിഴ അടക്കണം. ഇതിൽ ഒരുലക്ഷം രൂപ കേസിലെ സാക്ഷിയായ അനീഷ് സെബാസ്‌റ്റ്യന് നൽകണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് ജോസഫിനും തുല്യമായി നൽകണം.
നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാഞ്ഞത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു.ഇതുകൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്.
അതിലും 5000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്,ഒമ്പത് ,പതിനൊന്ന്,പന്ത്രണ്ട് പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്,ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്.
കേരളത്തിൽ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസാണിത്. നീനുവിന്റെ നിർണായക മൊഴിയിലാണ് കോടതിയുടെ ഈ കണ്ടെത്തൽ. സവർണ ക്രിസ്‌ത്യാനിയായ കൊല്ലം സ്വദേശി നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം.
ഒന്നാം പ്രതി ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോൻ (ചിന്നു – 24), മൂന്നാം പ്രതി ഇഷാൻ ഇസ്‌മെയിൽ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരൻ (27), ഏഴാം പ്രതി ഷിഫിൻ സജാദ് (28), എട്ടാം പ്രതി എൻ. നിഷാദ് (23), ഒമ്പതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാൻ (25) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. . പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
എല്ലാ പ്രതികൾക്കുമെതിരെ കൊലപാതകം (302), പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), ഭീഷണിപ്പെടുത്തൽ (506(2)) എന്നീ കുറ്റങ്ങളും ഒന്ന്, രണ്ട്, നാല് പ്രതികൾക്കെതിരെ പ്രത്യേക ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.